നെന്മാറ സജിത വധക്കേസ്: ചെന്താമര കുറ്റക്കാരന്‍; ശിക്ഷാവിധി മറ്റന്നാൾ

പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് ജില്ലാ അഡിഷണൽ സെഷൻസ് കോടതി വിധിച്ചു. ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും. “എന്തെങ്കിലും പറയാനുണ്ടോ” എന്ന് ചോദിച്ച കോടതിയോട് “ഒന്നുമില്ല” എന്നാണ് ചെന്താമരയുടെ മറുപടി.
കോടതിയിൽ വിശ്വാസമുണ്ടെന്ന് സജിതയുടെ മക്കൾ പ്രതികരിച്ചു. ചെന്താമരയ്ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും സജിതയുടെ അമ്മ ആവശ്യപ്പെട്ടു.
സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര പിന്നീട് സജിതയുടെ ഭർത്താവായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു. കേസിൽ നിർണായക മൊഴി നൽകിയ സാക്ഷിയായ പുഷ്പ ചെന്താമരയുടെ ഭീഷണിയെ തുടർന്ന് നാട്ടുവിട്ടിരുന്നു. സജിതയെ കൊന്നശേഷം ചെന്താമര വരുന്നത് കണ്ടത് പുഷ്പയായിരുന്നു.
“കുടുംബം തകർത്ത ചെന്താമരയ്ക്ക് വധശിക്ഷ തന്നെയായിരിക്കണം,” എന്ന് സജിതയുടെയും സുധാകരന്റെയും മക്കൾ ആവശ്യപ്പെട്ടു. “അയാളെ കണ്ടാൽ പേടിയാണ്. അയാൾ പുറത്തിറങ്ങിയാൽ ഞങ്ങളെയും കൊല്ലും,” എന്നും അവർ പറഞ്ഞു. ചെന്താമരയുടെ രൂപസാദൃശ്യമുള്ള ആളെ കണ്ടാലും ഭയം തോന്നുന്നുവെന്നും ഇപ്പോഴും ഒളിച്ചു കഴിയുകയാണെന്നും കുടുംബം കൂട്ടിച്ചേർത്തു.
വിചാരണാവിധി കേൾക്കാൻ സജിതയുടെ കുടുംബം കോടതിയിൽ ഹാജരായിരുന്നു.




