72 മണിക്കൂർ മുൻപ് ഇ-അറൈവൽ ഫോം പൂരിപ്പിക്കാം: ഇന്ത്യയിലേക്കുള്ള യാത്രാ നിയമങ്ങളിൽ മാറ്റം

ഡൽഹി : ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഇനി ഇലക്ട്രോണിക് ഡിസ്എംബാർകേഷൻ ഫോം (ഇ-അറൈവൽ കാർഡ്) ഓൺലൈനായി സമർപ്പിക്കാനാകും. ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് ഈ സംവിധാനം പ്രാബല്യത്തിൽ വന്നതായി ഡൽഹിയിലെ യുഎസ് എംബസി അറിയിച്ചു.
ഇതിനുമുമ്പ് ഉപയോഗിച്ചു വന്നിരുന്ന കടലാസ് ഫോമുകൾ ഇനി ആവശ്യമില്ലെങ്കിലും, അടുത്ത ആറു മാസത്തേക്ക് അത് സ്വീകരിക്കുന്നതാണ്. പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ അപേക്ഷിക്കുന്നവർക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാകുമെന്ന് ഇന്ത്യാ സർക്കാർ അറിയിച്ചു.
യാത്രയ്ക്കു 72 മണിക്കൂർ മുൻപ് ഇ-അറൈവൽ ഫോം പൂരിപ്പിച്ച് സമർപ്പിക്കാവുന്ന വെബ്‌സൈറ്റുകൾ: https://indianvisaonline.gov.in , http://boi.gov.in. ഇതോടൊപ്പം “സു-സ്വാഗതം” ഫോൺ ആപ്പിലൂടെയും ഫോം പൂരിപ്പിക്കാം.
എംബസി വ്യക്തമാക്കുന്നതനുസരിച്ച്, ഈ ഇ-അറൈവൽ ഫോം ഇ-വിസ അപേക്ഷയിൽനിന്ന് വ്യത്യസ്തമാണ്. യുഎസ് പൗരന്മാർ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ ഇ-വിസയും ഇ-അറൈവൽ ഫോമും രണ്ടും ആവശ്യമാണ്. എന്നാൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് ഈ മാറ്റം ബാധിക്കില്ല. യാത്രയ്ക്കായി ടിക്കറ്റ് വാങ്ങുമ്പോൾ എയർലൈനുകളുമായി ആവശ്യമായ വ്യക്തത വരുത്തണമെന്ന് എംബസി ഉപദേശിച്ചു.




