
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിളക്കു കൊളുത്തി ദീപാവലി ആഘോഷിച്ചതിനെ തുടർന്ന് മാഗാ (MAGA) തീവ്രവാദികൾ സാമൂഹ്യമാധ്യമങ്ങളിൽ രോഷപ്രകടനവുമായി രംഗത്തെത്തി.
ക്രിസ്ത്യൻ ദേശീയവാദികളായി പരിഗണിക്കപ്പെടുന്ന വിഭാഗങ്ങൾ “ക്രിസ്ത്യൻ അല്ലാത്ത ഉത്സവം യുഎസിൽ എന്തിന്?” എന്ന ചോദ്യവുമായി ട്രംപിനെതിരെ വിമർശനങ്ങൾ ഉയർത്തി. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ചടങ്ങിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ പോസ്റ്റ് അവിടെ പങ്കുവെച്ചിരുന്നു. “ഓവലിൽ നിന്നു ശുഭദീപാവലി, പ്രസിഡന്റുമൊത്ത്” എന്ന കുറിപ്പോടെയാണ് പട്ടേൽ വൈറ്റ് ഹൗസിലെ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചത്.
മാഗാ അനുയായികളുടെ പ്രതികരണങ്ങളിൽ കുടിയേറ്റക്കാരോടും അന്യമതങ്ങളോടുമുള്ള വിദ്വേഷം തുറന്നുകാട്ടി. “ഹിന്ദുക്കൾ ജൂലൈ 4 ആഘോഷിക്കാറുണ്ടോ?”, “അപ്പോൾ ക്രിസ്തുമസ് താജ് മഹലിൽ ആഘോഷിക്കാം” തുടങ്ങിയ പരിഹാസങ്ങളാണ് ചിലർ രേഖപ്പെടുത്തിയതിൽ ഉൾപ്പെട്ടത്. മറ്റൊരാൾ “അമേരിക്കൻ പൈതൃകത്തിൽ ദീപാവലി ഇല്ല; ക്രിസ്‌തു ആണ് രാജാവ്” എന്നായിരുന്നു അഭിപ്രായപ്പെട്ടത്.
പ്രമുഖ വലതുപക്ഷ നേതാവ് നിക് ഫ്യൂവെന്റസും ട്രംപിനെ പരിഹസിച്ചു. വൈറ്റ് ഹൗസിലെ വിളക്കു കൊളുത്തൽ ചിത്രം പങ്കുവെച്ച് “വിളക്കു കൊളുത്തി കറി കഴിക്കുന്ന ഇന്ത്യക്കാരോടൊപ്പം ട്രംപ് തുള്ളിക്കളിക്കുന്നു; ഈ ഭരണകൂടം ഒരു ഫലിതമാണ്” എന്ന് അദ്ദേഹം എഴുതി.
എന്നാൽ ചടങ്ങിനിടെ ട്രംപ് ഇന്ത്യൻ സമൂഹത്തെയും സംസ്കാരത്തെയും പ്രശംസിക്കാൻ മറന്നില്ല. “എത്ര മഹത്തായ സംസ്കാരം, എത്ര മികച്ച ആളുകൾ” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.




