7 വയസുകാരി അദിതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്.

കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച 2013-ലെ അദിതി എസ്. നമ്പൂതിരി വധക്കേസിൽ 12 വർഷത്തെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ വിധി. അദിതിയുടെ പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാനമ്മ റംല ബീഗം (ദീപിക അന്തർജ്ജനം)ക്കും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. ഇരുവരും രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
2013-ൽ ആറുവയസ്സുകാരിയായ അദിതി മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കിടെ മരണം സംഭവിച്ചിരുന്നു. ആദ്യം കീഴ്ക്കോടതിയിൽ കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെ പ്രതികൾക്ക് മൂന്ന് വർഷം കഠിനതടവാണ് ലഭിച്ചത്. ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ പ്രതികൾക്കെതിരെ അദിതിയുടെ പിതൃസഹോദരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്.
സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യ ഭാര്യയും അദിതിയുടെ അമ്മയുമായ സ്ത്രീ ഒരു അപകടത്തിൽ മരിച്ച ശേഷമാണ് ഇദ്ദേഹം റംല ബീഗത്തെ വിവാഹം കഴിച്ച് ദീപിക അന്തർജ്ജനം എന്ന പേര് സ്വീകരിച്ചത്. രണ്ടാം വിവാഹത്തിന് ശേഷം അദിതിയോട് നിരന്തരമായ പീഡനം തുടരുകയായിരുന്നു. 2013 ഏപ്രിൽ 29ന് കോഴിക്കോട് ബിലാത്തിക്കുളത്ത് വാടകവീട്ടിൽ താമസിക്കുമ്പോഴാണ് ആറുവയസ്സുകാരി അദിതി ക്രൂരമായ മർദ്ദനത്തിനും പട്ടിണിക്കും ഇരയായി മരണപ്പെട്ടത്.




