സ്വർണവില കുത്തനെ ഇടിഞ്ഞ് പവന് 1,400 രൂപ താഴേക്ക്; വാങ്ങാൻ നല്ല അവസരമോ?

കൊച്ചി: രണ്ട് ദിവസത്തെ വിലക്കയറ്റത്തിന് പിന്നാലെ സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് പവന് 1,400 രൂപ കുറഞ്ഞ് 88,360 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 175 രൂപ ഇടിഞ്ഞ് 11,045 രൂപയായി.
ഒരാഴ്ച നീണ്ട ഇടിവിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്നലെ രാവിലെ 560 രൂപയും ഉച്ചയ്ക്ക് 600 രൂപയും കൂടി പവന് 89,760 രൂപയായിരുന്നു വില. എന്നാൽ ഇന്ന് വില കൂപ്പുകുത്തിയതോടെ വിപണി വീണ്ടും താഴോട്ടാണ്.
സ്വർണവിലയിൽ തുടര്‍ച്ചയായ വർധനയുണ്ടാകുമോ എന്ന ആശങ്കയിലായിരുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമായി ഇന്നത്തെ വിലതാണൽ. ഈ മാസം ഒക്ടോബർ 21നാണ് സ്വർണവില ഏറ്റവും ഉയർന്നത് — പവന് 97,360 രൂപ. അതേസമയം, ഒക്ടോബർ 3ന് പവന് 86,560 രൂപയായിരുന്നുവെന്നത് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.
ഒക്ടോബർ 8ന് വില 90,000 കടന്നെങ്കിലും പിന്നീട് ഇടിവ് അനുഭവപ്പെട്ടു. 27 വരെ വില 90,000 ന് മുകളിലായിരുന്നെങ്കിലും 28 മുതൽ തിരിച്ചിറങ്ങിത്തുടങ്ങി.
യു.എസ് ഫെഡറൽ റിസർവ് യോഗ തീരുമാനത്തിന് മുന്നോടിയായാണ് ഇന്നലെ വില ഉയർന്നത്. അതോടൊപ്പം യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതിയും സ്വർണവിലയെ നേരിട്ട് ബാധിച്ചു. ചര്‍ച്ചകള്‍ സമവായത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് വില താഴോട്ടുപോകുന്നത്. വ്യാഴാഴ്ച ദക്ഷിണകൊറിയയില്‍ ഇരുരാജ്യത്തലവന്‍മാര്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
അതേസമയം, ചര്‍ച്ച സമവായത്തിലേക്ക് നീങ്ങാത്ത പക്ഷം സ്വര്‍ണവില വീണ്ടും കുതിക്കാനാണ് സാധ്യത. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്ന പ്രതീക്ഷയും വിപണിയെ സ്വാധീനിക്കാനാണ് സാധ്യത. യോഗശേഷം ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്‍റെ പ്രസ്താവന സ്വര്‍ണവിപണിക്ക് പുതിയ ദിശ നിശ്ചയിക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.




