KeralaLatest NewsPolitics

ക്ഷേമപദ്ധതികൾ നടപ്പാക്കിക്കാണിക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്; വേണ്ടത് 10,000 കോടി രൂപ — ഫണ്ട് കണ്ടെത്തൽ ചോദ്യം നിലനിൽക്കും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലിയുണ്ടായ ഇടതുമുന്നണിയിലെ അഭിപ്രായഭിന്നതകളിൽനിന്ന് രാഷ്ട്രീയ ചർച്ചകളെ ക്ഷേമപദ്ധതികളിലേക്കു വഴിതിരിച്ചുവിട്ടിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പ്രഖ്യാപനങ്ങളെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കെതിരെ ഭരണപക്ഷം ആത്മവിശ്വാസത്തോടെയാണ് രംഗത്തെത്തിയത്. എന്നാൽ പദ്ധതികൾ നടപ്പാക്കാൻ 10,000 കോടി രൂപയോളം അധികമായി ആവശ്യമായേക്കുമെന്നതോടെ സർക്കാരിന്റെ ‘പ്ലാൻ ബി’ എന്തെന്ന് ചോദ്യമുയരുന്നു.

മൂന്നാം ഊഴം ലക്ഷ്യമാക്കുന്ന ഇടതുമുന്നണിക്കും അണികൾക്കും ആത്മവിശ്വാസം പകരുന്നതാണ് ക്ഷേമപെൻഷൻ വർധനയുൾപ്പെടെയുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. എന്നാൽ ഇവ തിരഞ്ഞെടുപ്പ് മുന്നോടിയായ ജനകബളിപ്പിക്കൽ ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

“സർക്കാർ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കരുത്. ക്ഷേമപെൻഷൻ നാല് വർഷരയായി കൂട്ടിയത് വെറും 400 രൂപ മാത്രമാണ്. ക്ഷേമനിധി പെൻഷൻ ഇപ്പോഴും മുടങ്ങിക്കിടക്കുന്നു,” എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. മോദിയെ അനുകരിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാലും, വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് കുതന്ത്രമാണെന്ന് സണ്ണി ജോസഫും ആരോപിച്ചു.

അതേസമയം, വിമർശനങ്ങളെ ഭരണപക്ഷം തള്ളിക്കളഞ്ഞു. “എല്ലാ പ്രഖ്യാപനങ്ങളെയും പ്രതിപക്ഷം വിമർശിക്കാറുണ്ട്. പറഞ്ഞത് പ്രവർത്തിക്കും, പ്രവർത്തിക്കാൻ പറ്റുന്നതാണ് പറയുന്നത്,” എന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. “ഇത് തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, സർക്കാരിന് അഭിമാനിക്കാവുന്ന പ്രഖ്യാപനങ്ങളാണ്,” എന്നും മന്ത്രി ജെ. ചിഞ്ചുറാണി പ്രതികരിച്ചു.

ക്ഷേമപദ്ധതികളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടും നടപ്പാക്കാനുള്ള സാമ്പത്തിക മാർഗം സർക്കാർ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ക്ഷേമപെൻഷനും ഡി.എ., ഡി.ആർ. കുടിശികകളും തീർക്കാൻ സ്വീകരിച്ച ‘പ്ലാൻ ബി’ തന്നെ — അഥവാ പദ്ധതിവിഹിതത്തിൽ വെട്ടിക്കുറച്ച് ആ തുക ക്ഷേമപ്രഖ്യാപനങ്ങൾക്കായി മാറ്റിവയ്ക്കുക — ഈ തവണയും ആവർത്തിക്കാനാണ് സാധ്യത.

Show More

Related Articles

Back to top button