AmericaLatest NewsNewsPolitics

ന്യൂയോർക്കിന്റെ മേയറായി സൊഹ്റാൻ മംദാനി; ട്രംപിന് വലിയ തിരിച്ചടി

ന്യൂയോർക്ക് : യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി ഡെമോക്രാറ്റ് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി (34) ചരിത്രവിജയം നേടി. രണ്ട് ദശലക്ഷത്തിലധികം വോട്ടർമാർ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ മുൻ ഗവർണർ ആൻഡ്രു കുമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും തോൽപ്പിച്ചാണ് മംദാനി മേയർ പദവിയിലേക്ക് ഉയർന്നത്. ഇതോടെ ന്യൂയോർക്ക് നഗരത്തിന് ആദ്യമായി ഒരു മുസ്ലിം മേയർ ലഭിച്ചു.

ജനാധിപത്യ സോഷ്യലിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന മംദാനിയുടെ വിജയം, ഡോണൾഡ് ട്രംപിനുള്ള കടുത്ത രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ആൻഡ്രു കുമോയ്ക്ക് ട്രംപിന്റെ തുറന്ന പിന്തുണ ഉണ്ടായിരുന്നുവെങ്കിലും, വോട്ടർമാർ അതിനെ അംഗീകരിച്ചില്ല.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് ഇന്ത്യൻ സമയം ഇന്ന് രാവിലെ 7.30നായിരുന്നു. ഫലം പുറത്ത് വന്നതോടെ ന്യൂയോർക്ക് നഗരത്തിൽ മംദാനിയുടെ അനുകൂലികൾ ആഘോഷത്തിൽ മുഴുകി.

ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ കാത്തി ഹോച്ചുൾ മംദാനിയെ അഭിനന്ദിച്ച്, “നഗരത്തെ കൂടുതൽ ജീവിക്കാൻ യോജിച്ച സ്ഥലമാക്കാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനാണ് ആഗ്രഹം” എന്ന് പറഞ്ഞു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസും മംദാനിയുടെ വിജയത്തെ “ചരിത്രപരമായത്” എന്ന് വിശേഷിപ്പിച്ചു.

അതേസമയം, റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ മംദാനിയുടെ വിജയത്തെ വിമർശിച്ചു. “ന്യൂയോർക്ക് ഡെമോക്രാറ്റുകൾ ഒരു തീവ്രവാദിയും മാർക്സിസ്റ്റുമായയാളെ തെരഞ്ഞെടുത്തു, അതിന്റെ പ്രത്യാഘാതം രാജ്യമൊട്ടാകെ ഉണ്ടാകും,” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ട്രംപിന്റെ നയങ്ങളോടുള്ള ജനവിധി തന്നെയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മംദാനി വിജയിച്ചാൽ ന്യൂയോർക്കിന് ഫെഡറൽ സഹായം കുറയ്ക്കാമെന്ന ഭീഷണി നേരത്തെ ട്രംപ് ഉന്നയിച്ചിരുന്നതും ശ്രദ്ധേയമാണ്.

Show More

Related Articles

Back to top button