ട്രംപിന്റെ ഭീഷണി ഫലം കണ്ടില്ല; ന്യൂയോർക്ക് സിറ്റിയുടെ ഫണ്ടിൽ തൊടാൻ പറ്റില്ല

ഹൂസ്റ്റൺ : ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനിക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയ ഭീഷണി ഫലം കണ്ടില്ല. മേയർ തിരഞ്ഞെടുപ്പിനിടെ ട്രംപ് പറഞ്ഞത്, മംദാനി വിജയിച്ചാൽ ന്യൂയോർക്ക് സിറ്റിക്ക് ലഭിക്കുന്ന ഫെഡറൽ ഫണ്ടുകൾ തടയും എന്നായിരുന്നു. എന്നാൽ നിയമപരമായി ട്രംപിന് അത്തരമൊരു അധികാരം ഇല്ലെന്ന് വിദഗ്ധർ വ്യക്തമാക്കി.
മംദാനിയുടെ പുരോഗമന നയങ്ങളാണ് ട്രംപിനെ അസ്വസ്ഥനാക്കിയത്. വാടക മരവിപ്പിക്കൽ, സൗജന്യ ബസ് സർവീസ് തുടങ്ങിയ ജനകീയ പദ്ധതികളാണ് മംദാനി മുന്നോട്ട് വച്ചത്. ഇതിനെ “സാമ്പത്തിക ദുരന്തം” എന്ന് വിശേഷിപ്പിച്ച ട്രംപ്, മംദാനിയെ “കമ്മ്യൂണിസ്റ്റ്” എന്നു മുദ്രകുത്തിയിരുന്നു. എന്നാൽ ഈ പ്രസ്താവനകൾ തെരഞ്ഞെടുപ്പ് സ്വാധീനിക്കാനുളള ശ്രമമായിട്ടാണ് കാണപ്പെടുന്നത്.
യുഎസ് ഭരണഘടനപ്രകാരം ഫെഡറൽ ഫണ്ടുകളുടെ അധികാരം കോൺഗ്രസിനാണ്. പ്രസിഡന്റിന് അത് തടഞ്ഞുവെക്കാനോ റദ്ദാക്കാനോ കഴിയില്ല. 1974-ലെ ഇംപൗണ്ട്മെന്റ് കൺട്രോൾ ആക്റ്റ് പ്രകാരം, കോൺഗ്രസിന്റെ അനുമതിയില്ലാതെ അനുവദിച്ച പണം തടയുന്നത് നിയമവിരുദ്ധമാണ്. ഇതേ കാര്യം 1975-ലെ സുപ്രീം കോടതി വിധിയിലും വ്യക്തമായിട്ടുണ്ട്.
ട്രംപിന്റെ ഭീഷണി നടപ്പാക്കിയാലും ന്യൂയോർക്ക് സിറ്റിക്ക് തങ്ങളുടെ അവകാശം സംരക്ഷിക്കാൻ നിയമപരമായ മാർഗങ്ങൾ ഉണ്ട്. ഫെഡറൽ ഫണ്ടുകൾ തടഞ്ഞാൽ സിറ്റി കോടതിയെ സമീപിക്കാനും കോൺഗ്രസിലെ പിന്തുണക്കാരെ വഴിയാക്കിയും ഫണ്ടുകൾ തിരിച്ചുപിടിക്കാനും കഴിയും.
ന്യൂയോർക്ക് സിറ്റിയുടെ വാർഷിക ബജറ്റിന്റെ ഏകദേശം ആറു ശതമാനം ഫെഡറൽ ഫണ്ടുകളിൽ നിന്നാണ് വരുന്നത്. അതിനാൽ ഫണ്ടുകൾ തടഞ്ഞാൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെങ്കിലും, സിറ്റിക്ക് സംസ്ഥാന ഫണ്ടുകളിലൂടെയും സ്വന്തം വരുമാന സ്രോതസ്സുകളിലൂടെയും അവ നികത്താൻ കഴിയും. ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷമുള്ള സംസ്ഥാനമായതിനാൽ സിറ്റിക്ക് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുരോഗമന നയങ്ങൾ വഴി നഗരവികസനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാനാണ് മംദാനിയുടെ ശ്രമം. ട്രംപിന്റെ ഭീഷണികൾക്കിടയിലും ന്യൂയോർക്ക് സിറ്റി അതിന്റെ നിയമപരമായ അവകാശങ്ങൾ ഉറച്ചുനിൽക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.




