CrimeFeaturedIndiaLatest News

ഡൽഹി സ്ഫോടന കേസ്: 10 അംഗ അന്വേഷണസംഘത്തെ രൂപീകരിച്ച് എൻഐഎ; ADG വിജയ് സാക്കറെക്ക് നേതൃത്വ ചുമതല

ഡൽഹി: ഡൽഹി സ്ഫോടന കേസിൽ 10 അംഗ അന്വേഷണസംഘത്തെ രൂപീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എൻഐഎയുടെ എഡിജി വിജയ് സാക്കറെയാണ് അന്വേഷണ സംഘത്തെ നയിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്പിമാർ, ഡിവൈഎസ്പിമാർ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം.

കേസുമായി ബന്ധപ്പെട്ട് എൻഐഎ ഡയറക്ടറും ഇന്റലിജൻസ് ബ്യൂറോ മേധാവിയും ഇന്ന് പ്രത്യേക യോഗം ചേരും. ആഭ്യന്തര മന്ത്രാലയം കേസ് എൻഐഎയ്ക്ക് കൈമാറിയതിനെത്തുടർന്ന്, ഡൽഹി, ജമ്മു-കശ്മീർ പൊലീസുകൾ കേസുമായി ബന്ധപ്പെട്ട ഫയലുകൾ എൻഐഎയ്ക്ക് കൈമാറും.

അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ട സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി ലാൽ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും ഡിഎംആർസി അടച്ചിരിക്കുകയാണ്.

സ്ഫോടനം അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. സ്ഫോടകവസ്തുക്കൾ മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ സ്ഫോടനം നടന്നതായാണ് അനുമാനം. ഉമറും മുസമീലും നേരത്തെ റെഡ് ഫോർട്ട് പരിസരത്ത് എത്തിയിരുന്നുവെന്നും, ഈ വർഷം ജനുവരിയിൽ സ്ഫോടനത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നും അന്വേഷണം സൂചിപ്പിക്കുന്നു.

സ്ഫോടന ദിനത്തിൽ ഉമറിന്റെ വാഹനം മയൂർ വിഹാർ പ്രദേശത്തുണ്ടായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ, ഡൽഹിയിൽ നിന്ന് വൈറ്റ് കൊളർ സംഘം രണ്ട് കാറുകൾ വാങ്ങിയതായും കണ്ടെത്തി. രണ്ടാമത്തെ കാറിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കാർ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെയും കസ്റ്റഡിയിലുള്ളവരുടെയും കോൾ ലോഗുകളും ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും പരിശോധിച്ചു.

അതേസമയം, വൈറ്റ് കൊളർ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് ജമ്മു-കശ്മീർ പൊലീസ് ഹരിയാനയിൽ നിന്നുള്ള മതപ്രഭാഷകൻ മൗലവി ഇഷ്തിയാഖിനെ അറസ്റ്റ് ചെയ്തു. മേവാത്ത് മേഖലയിൽ നിന്നുള്ള ഇയാളെ ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ടുപോയി. ഫരീദാബാദിലെ ഭീകര ശൃംഖലയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും, 2500 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ വാടക വീട്ടിൽ ഇയാൾ താമസിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

Show More

Related Articles

Back to top button