AmericaIndiaKeralaLatest NewsLifeStyleNewsTech

ഭൗതികശാസ്ത്ര ഗവേഷണത്തിൽ മലയാളിയുടെ അപൂർവ നേട്ടം: മേരി ക്യൂറി ഫെലോഷിപ്പ് നേടി ഡോ. റോഷൻ ജീസസ് മാത്യു

കോട്ടയം : യൂറോപ്യൻ കമ്മീഷന്റെ പ്രശസ്തമായ മേരി സ്ക്ലോഡോവ്സ്ക ക്യൂറി ഫെലോഷിപ്പ് കരസ്ഥമാക്കി കോട്ടയം ചാന്നാനിക്കാട് സ്വദേശി ഡോ. റോഷൻ ജീസസ് മാത്യു മലയാളികളുടെ അഭിമാനമായി. ആധുനിക സാങ്കേതികവിദ്യകളുടെ പുതിയ സാധ്യതകളെ അന്വേഷിക്കുന്ന യുവശാസ്ത്രജ്ഞർക്ക് ആഗോളതലത്തിൽ പ്രാധാന്യമുള്ള പിന്തുണയേകുന്ന പദ്ധതിയാണ് മേരി ക്യൂറി ഫെലോഷിപ്പ്. ക്രൊയേഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിലാണ് ഡോ. റോഷൻ ഗവേഷണം നടത്തുന്നത്.

ഏകദേശം 1.6 കോടി രൂപയുടെ ഫണ്ടിങ് ലഭിക്കുന്ന ഈ ഫെലോഷിപ്പ് രണ്ടുവർഷത്തേക്കാണ്. ഡോ. റോഷൻ നടത്തുന്ന ഗവേഷണം 2 ഡയമെൻഷനൽ ഫെറോഇലക്ട്രിക് സെമികണ്ടക്ടറുകളുമായി ബന്ധപ്പെട്ടതാണ് — ഭാവിയിലെ കംപ്യൂട്ടിംഗ് സംവിധാനങ്ങൾക്കും സ്മാർട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും അടിത്തറയാകാൻ സാധ്യതയുള്ള രംഗം. ആറ്റോമിക് തലത്തിൽ ഇലക്ട്രോണിക്-ഒപ്റ്റിക്കൽ സവിശേഷതകളിൽ മാറ്റം വരുത്തി കൂടുതൽ ഊർജക്ഷമതയുള്ള, വേഗമേറിയ മെമ്മറി ഡിവൈസുകൾ, എഐ പ്രോസസറുകൾ, ഫ്ലെക്സിബിൾ ഡിസ്പ്ലേകൾ, സ്മാർട്ട് സെൻസറുകൾ തുടങ്ങിയവയുടെ വികസനത്തിന് ഗവേഷണം സഹായകമാകും. ഒപ്ടോഇലക്ട്രോണിക്സ്, പീസോഇലക്ട്രോണിക്സ്, ട്വിസ്ട്രോണിക്സ്, എനർജി ഡിവൈസുകൾ എന്നിവയും അദ്ദേഹത്തിന്റെ ഗവേഷണ മേഖലയിൽ ഉൾപ്പെടുന്നു.

ഡോ. റോഷൻ കോട്ടയം സിഎംഎസ് കോളജിൽ നിന്ന് ബി.എസ്.സി പൂർത്തിയാക്കി, കോയമ്പത്തൂർ കാരുണ്യ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ഭാരതിയാർ സർവകലാശാലയിൽ നിന്ന് നാനോടെക്നോളജിയിൽ എം.ഫിൽ പൂർത്തിയാക്കി. തായ്‌വാനിലെ എലൈറ്റ് അക്കാഡമിയാ സിനിക്കാ ഫെലോഷിപ്പ് നേടി നാഷണൽ സിങ്ഹ്വാ സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് ആൻഡ് സിസ്റ്റം സയൻസിൽ പി.എച്ച്.ഡി കരസ്ഥമാക്കി. നാഷണൽ തായ്‌വാൻ സർവകലാശാലയിലെ MOST ഫെലോഷിപ്പും, ബാംഗളൂരിലെ ഐഐഎസ്‌സിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് ഫെലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കാനഡയിലെ 3IT ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്ന വേളയിലാണ് മേരി ക്യൂറി ഫെലോഷിപ്പ് അദ്ദേഹത്തെ തേടിയെത്തിയത്.

ചാന്നാനിക്കാട് പള്ളിക്കുന്നേൽ വീട്ടിൽ ഈശോ കുര്യന്റെയും സാറാമ്മ കുര്യന്റെയും മകനാണ് ഡോ. റോഷൻ. നാനോടെക്നോളജിയിൽ പി.എച്ച്.ഡി നേടിയ ഡോ. ക്രിസ്റ്റി റോഷ്നി ഭാര്യയും, മകൾ ഇസാ സാറ മാത്യുവും അടങ്ങുന്നതാണ് കുടുംബം.

Show More

Related Articles

Back to top button