അഫ്ഗാനിസ്ഥാനെതിരെ ശക്തമായ മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്: “അതേ നാണയത്തിൽ തിരിച്ചടിക്കും”

ഇസ്‌ലാമാബാദ് ∙ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെതിരായി അപകടകരമായ നീക്കങ്ങൾ നടത്തുകയാണെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാന്റെ ഉള്ളിൽ കയറി ആക്രമണം നടത്തുന്നതിനും പാക്കിസ്ഥാൻ തയ്യാറാണെന്ന് അദ്ദേഹം ജിയോ ന്യൂസിനോട് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടമാണ് പാക്കിസ്ഥാനിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളെന്ന് ഖ്വാജ ആസിഫ് ആരോപിച്ചു. ഇസ്‌ലാമാബാദിലും തെക്കൻ വസീരിസ്ഥാനിലുമുണ്ടായ ചാവേർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ ഈ പ്രസ്താവന.
ആക്രമണങ്ങളെ അപലപിച്ച താലിബാൻ പ്രസ്താവന ആത്മാർഥതയില്ലാത്തതാണെന്നും, അഫ്ഗാൻ താലിബാന്റെ തണലിൽ കഴിയുന്നവരാണ് പാക്കിസ്ഥാനെതിരെ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. “പാക്കിസ്ഥാൻ ഒരിക്കലും ആക്രമണം ആരംഭിക്കില്ല. എന്നാൽ, ഒരു ആക്രമണത്തിനും മറുപടി കൊടുക്കാതെയുമിരിക്കില്ല. ശക്തമായി തിരിച്ചടി നൽകും,” — ഖ്വാജ ആസിഫ് വ്യക്തമാക്കി.
ഇസ്‌ലാമാബാദിലെ കോടതി പരിസരത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തിരുന്നു. എങ്കിലും, ഇന്ത്യയാണ് ഇതിന് പിന്നിലെന്ന് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപിച്ചിരുന്നു. ഇന്ത്യയുടെ പിന്തുണയുള്ള ഭീകരരാണ് ഇസ്‌ലാമാബാദിലെ സ്ഫോടനത്തിന് ഉത്തരവാദികളെന്ന് ഷെരീഫ് പറഞ്ഞിരുന്നു.
ഇസ്‌ലാമാബാദിനൊപ്പം തെക്കൻ വസീരിസ്ഥാനിലെ വാനയിലെ കേഡറ്റ് പരിശീലന കേന്ദ്രത്തിലും തിങ്കളാഴ്ച സ്ഫോടനം നടന്നിരുന്നു. പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളുടെയും അതിനോടനുബന്ധിച്ച രാഷ്ട്രീയ ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കടുപ്പം പ്രാപിക്കുന്നത്.




