
കൊച്ചി : ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ (ഐഎസ്എഫ്) ഈ വർഷത്തെ ഇൻഫോസിസ് പ്രൈസ് വിജയികളെ പ്രഖ്യാപിച്ചു. ശാസ്ത്രത്തിലും ഗവേഷണത്തിലും മികവ് പുലർത്തുന്നവരെ ആദരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡാണ് ഇൻഫോസിസ് പ്രൈസ്. സാമ്പത്തികശാസ്ത്രം, എഞ്ചിനീയറിംഗ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ്സോ ഷ്യൽ സയൻസസ്, ലൈഫ് സയൻസസ്, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായി പ്രതിഭ തെളിയിച്ചവർക്കാണ് പുരസ്‌കാരങ്ങൾ. ഇന്ത്യൻ ഗവേഷണ രംഗത്ത് വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന രീതിയിൽ ഗവേഷണം നടത്തിയ പണ്ഡിതരെയാണ് അവരുടെ ശ്രദ്ധേയമായ നേട്ടങ്ങളെ മുൻനിർത്തി ഇൻഫോസിസ് പ്രൈസ് നൽകി ആദരിക്കുന്നത്. ഓരോ വിഭാഗത്തിലും 100,000 യുഎസ് ഡോളർ (അല്ലെങ്കിൽ അതിനു തുല്യമായ ഇന്ത്യൻ രൂപ) സമ്മാനത്തുകയ്ക്ക് പുറമെ ഒരു സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവുമാണ് സമ്മാനം. വിഖ്യാത പണ്ഡിതരും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങുന്ന ഒരു അന്താരാഷ്ട്ര ജൂറി പാനലാണ് ഇൻഫോസിസ് പ്രൈസ് 2025 ലെ ജേതാക്കളെ തിരഞ്ഞെടുത്തത്.
സാമ്പത്തിക ശാസ്ത്രത്തിൽ ഇൻഫോസിസ് 2025 ലെ പുരസ്‌കാരം ലഭിക്കുന്നത് മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ നിഖിൽ അഗർവാളിനാണ്. ടൊറന്റോ സർവകലാശാലയിലെ ഗണിതശാസ്ത്ര, കമ്പ്യൂട്ടേഷണൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ സുശാന്ത് സച്ച്‌ദേവയ്ക്കാണ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസിലെ ഇൻഫോസിസ് പ്രൈസ് നൽകുന്നത്. ഹ്യൂമാനിറ്റീസ് ആൻഡ് ്‌സോഷ്യൽ സയൻസസ് വിഭാഗത്തിലെ പുരസ്‌കാരത്തിന് അർഹനായത് ചിക്കാഗോ സർവകലാശാലയിലെ ദക്ഷിണേഷ്യൻ ഭാഷകളുടെയും നാഗരികതകളുടെയും വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറായ ആൻഡ്രൂ ഒല്ലെറ്റാണ്. ബാംഗ്ലൂരിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ അഞ്ജന ബദ്രിനാരായണന് ലൈഫ് സയൻസസ് വിഭാഗത്തിലെ ഇൻഫോസിസ് പ്രൈസ് നൽകുന്നത്. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സിലെ അസോസിയേറ്റ് പ്രൊഫസറായ സബ്യസാചി മുഖർജി ഗണിതശാസ്ത്രം പുരസ്‌കാരത്തിനും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കാൽടെക്) കെമിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറായ കാർത്തിഷ് മന്ദിറാം ഭൗതികശാസ്ത്രം പുരസ്‌കാരത്തിനും അർഹരായി.
ഇൻഫോസിസ്‌പ്രൈസ് 2025 ലെവിജയികളെ ഐഎസ്എഫിന്റെ ട്രസ്റ്റിമാരായ കെ. ദിനേശ്, നാരായണമൂർത്തി, ശ്രീനാഥ്ബട്‌നി, ക്രിസ്‌ഗോപാലകൃഷ്ണൻ, ഡോ. പ്രതിമമൂർത്തി, എസ്. ഡി. ഷിബുലാൽ എന്നിവർ ചേർന്നാണ് പ്രഖ്യാപിച്ചത്.
ഗവേഷണവും ശാസ്ത്രവും മനുഷ്യപുരോഗതിയുടെ ആധാരശിലകളാണെന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇൻഫോസിസ് സമ്മാനമെന്നും ഇത് പുതുതലമുറയിലെ പ്രതിഭകൾക്ക് പ്രചോദനമാവുമെന്നും ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ ്കെ. ദിനേശ് പറഞ്ഞു.




