രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്: “ബൈഡൻ ഭരണത്തിൽ അമേരിക്ക പരിഹസിക്കപ്പെട്ടു; 11 മാസത്തിൽ വലിയ മാറ്റം”

വാഷിംഗ്ടൺ: അധികാരത്തിലേറി ഒരു വർഷം പൂർത്തിയാകാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് Donald Trump. രാജ്യത്തെ “എക്കാലത്തേക്കാളും ശക്തമാക്കാനുള്ള” പദ്ധതികളാണ് തന്റെ ഭരണകാലത്ത് നടപ്പാക്കിയതെന്ന് ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. അനധികൃത കുടിയേറ്റത്തിനെതിരെ സ്വീകരിച്ച കർശന നടപടികൾ വിശദീകരിച്ച ട്രംപ്, മുൻ ഭരണകൂടത്തെയും ശക്തമായി വിമർശിച്ചു.
ബൈഡൻ ഭരണകൂടത്തിന് കീഴിൽ അമേരിക്ക ലോകത്തിന് മുന്നിൽ പരിഹാസ്യമായിരുന്നുവെന്നും, എന്നാൽ കഴിഞ്ഞ 11 മാസത്തിനിടെ രാജ്യത്ത് വൻ പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാക്കിയതായും ട്രംപ് അവകാശപ്പെട്ടു. “നിയമവിരുദ്ധമായി ഇനി ഒരാളും അമേരിക്കയിലേക്ക് കടക്കില്ല” എന്ന നിലപാട് പ്രസംഗത്തിൽ ആവർത്തിച്ചു.
സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും ജനപ്രീതി കുറഞ്ഞുവെന്നും സൂചിപ്പിക്കുന്ന സർവേകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രസംഗം നടന്നത്. അധികാരം ഏറ്റെടുക്കുമ്പോൾ രാജ്യം ഗുരുതര പ്രതിസന്ധിയിലായിരുന്നുവെന്നും മുൻ ഭരണകൂടം തന്നെ ഒരു ‘കുഴപ്പം’ സമ്മാനിച്ചുവെന്നും അത് പരിഹരിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.
പണപ്പെരുപ്പം 48 വർഷത്തിനിടയിലെ ഏറ്റവും മോശം നിലയിലായിരുന്നുവെന്നും വിലക്കയറ്റം മൂലം ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ജീവിതം താങ്ങാനാവാത്തതായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. ഇതിന് ഉത്തരവാദി മുൻ ഡെമോക്രാറ്റിക് ഭരണകൂടമാണെന്നും അദ്ദേഹം തുറന്നടിച്ചു.
അതിർത്തി സുരക്ഷയും അനധികൃത കുടിയേറ്റവും സംബന്ധിച്ച് സംസാരിച്ച ട്രംപ്, തെക്കൻ അതിർത്തിയിലെ “അധിനിവേശം” തടയാൻ ഭരണത്തിന്റെ ആദ്യ ദിനം മുതൽ നടപടി സ്വീകരിച്ചുവെന്നും, കഴിഞ്ഞ ഏഴ് മാസമായി ഒരു നിയമവിരുദ്ധ കുടിയേറ്റക്കാരനെയും രാജ്യത്ത് പ്രവേശിപ്പിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു. കുറ്റവാളികളെ നാടുകടത്തിയതായും അപകടകരമായ നഗരങ്ങളിൽ സുരക്ഷ പുനഃസ്ഥാപിച്ചതായും വിദേശ മയക്കുമരുന്ന് കാർട്ടലുകളെ തകർത്തതായും ട്രംപ് പറഞ്ഞു.
വ്യാപാര ഇടപാടുകളിലും തീരുവ വിഷയത്തിലും Joe Biden ഭരണകൂടത്തെ വിമർശിച്ച ട്രംപ്, ലോകവിപണിയിൽ അമേരിക്കയെ പരിഹസിക്കപ്പെട്ട നിലയിലാക്കിയതാണെന്ന് ആരോപിച്ചു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും, കഴിഞ്ഞ 11 മാസത്തിനിടെ അമേരിക്കൻ ചരിത്രത്തിലെ ഏതൊരു ഭരണകൂടത്തേക്കാളും കൂടുതൽ അനുകൂല മാറ്റങ്ങൾ വാഷിംഗ്ടണിൽ കൊണ്ടുവന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോക വിപണിയിൽ ആശങ്ക സൃഷ്ടിച്ച തീരുവകളെ ന്യായീകരിച്ച ട്രംപ്, ഇതുവഴി റെക്കോർഡ് തകർക്കുന്ന 18 ട്രില്യൺ ഡോളർ നിക്ഷേപം അമേരിക്കയിലെത്തിച്ചുവെന്നും തൊഴിലവസരങ്ങളും ശമ്പളവും വർധിപ്പിച്ചുവെന്നും പറഞ്ഞു. അടഞ്ഞുകിടന്ന ഫാക്ടറികൾ വീണ്ടും പ്രവർത്തനം ആരംഭിച്ചതായും ദേശീയ സുരക്ഷ ശക്തിപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിൽ നിർമ്മാണം നടത്തിയാൽ കമ്പനികൾക്ക് തീരുവയില്ലെന്ന സന്ദേശം വ്യക്തമാക്കിയതായും ട്രംപ് കൂട്ടിച്ചേർത്തു.
തീരുവകളിലൂടെ സമാഹരിച്ച തുകയിൽ നിന്ന് 14.5 ലക്ഷത്തിലധികം സൈനികർക്ക് ക്രിസ്മസിന് മുമ്പ് പ്രത്യേക ഡിവിഡന്റ് നൽകുമെന്നും ട്രംപ് പ്രഖ്യാപിച്ചു. 1776-ൽ അമേരിക്ക രൂപീകരിച്ചതിന്റെ ബഹുമാനാർത്ഥമായി ഓരോ സൈനികർക്കും 1,776 ഡോളർ വീതം നൽകുമെന്നും, ഇത്തരമൊരു നടപടി മുൻപ് ഒരു പ്രസിഡന്റും സ്വീകരിച്ചിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
മരുന്ന് കമ്പനികളുമായും വിദേശ രാജ്യങ്ങളുമായും നേരിട്ട് ചർച്ച നടത്തിയതിന്റെ ഫലമായി മരുന്നുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില 400 മുതൽ 600 ശതമാനം വരെ കുറയ്ക്കാൻ കഴിഞ്ഞതായും ട്രംപ് പ്രസംഗത്തിൽ പറഞ്ഞു.




