വിബി–ജി റാം ജി ബിൽ: ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ പ്രതിഷേധം; മേശപ്പുറത്ത് കയറി എംപിമാർ.

ന്യൂഡൽഹി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്ന ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)’ അഥവാ വിബി–ജി റാം ജി (VB-RAM G) ബില്ലിനെതിരെ ലോക്സഭയിൽ അസാധാരണമായ പ്രതിഷേധം അരങ്ങേറി. കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവർ സഭയിൽ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയത്.
പദ്ധതിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെതിരെയാണ് പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ്. ഇത് ഗാന്ധിയൻ ആശയങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിലവിൽ വേതനം പൂർണ്ണമായും കേന്ദ്രം വഹിച്ചിരുന്ന സ്ഥാനത്ത്, പുതിയ ബില്ല് പ്രകാരം സംസ്ഥാനങ്ങൾ 40 ശതമാനം തുക വഹിക്കേണ്ടിവരുമെന്നതും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കൃഷി സീസണുകളിൽ ജോലി നൽകൽ നിയന്ത്രിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥ തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുമെന്ന ആശങ്കയും ഉയർന്നു.
ബില്ലിനെക്കുറിച്ച് ഗ്രാമവികസന മന്ത്രി Shivraj Singh Chouhan നടത്തിയ മറുപടി പ്രസംഗം ഭരണ–പ്രതിപക്ഷ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. നിലവിലുള്ള 100 തൊഴിൽ ദിനങ്ങൾ പുതിയ ബില്ലിലൂടെ 125 ദിവസമായി വർധിപ്പിച്ചുവെന്ന് മന്ത്രി അവകാശപ്പെട്ടു. ഗാന്ധിജി സ്വപ്നം കണ്ട ‘രാമരാജ്യം’, ‘ഗ്രാമസ്വരാജ്’ എന്നീ ആശയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും, പാവപ്പെട്ടവരുടെ ക്ഷേമവും ഗ്രാമങ്ങളുടെ സമഗ്ര വികസനവുമാണ് ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസിനെതിരായ വിമർശനങ്ങൾക്കും മന്ത്രി മറുപടി നൽകി.
സഭയ്ക്കകത്തെ പ്രതിഷേധത്തിന് പുറമെ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും ഇന്ത്യ (INDIA) സഖ്യം പ്രതിഷേധ പ്രകടനം നടത്തി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെഎന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ‘തൊഴിലാളി വിരുദ്ധ ബിൽ പിൻവലിക്കുക’ എന്ന മുദ്രാവാക്യം ഉയർന്നു.
ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കോ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്കോ വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് സർക്കാർ ബിൽ പാസാക്കിയത്. ഇതോടെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാവിയെച്ചൊല്ലി രാജ്യവ്യാപക പ്രക്ഷോഭത്തിന് തൊഴിലാളി സംഘടനകൾ ഒരുങ്ങുന്നതായാണ് സൂചന.




