ഒരിക്കൽ ‘വെറും പകരക്കാരൻ’ എന്ന വിശേഷണത്തിൽ ഒതുങ്ങിപ്പോയ സഞ്ജു സാംസൺ ഇന്ന് ഇന്ത്യൻ ടീമിന്റെ നിർണായക താരമായി മാറിയിരിക്കുന്നു. ഒരു വർഷം പോലും എടുക്കാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ തന്നെ നിലപാട് തിരുത്തേണ്ടി വന്നത് ഇന്ത്യൻ ടീമിലെ ക്യാപ്റ്റൻസി ചർച്ചകളെയും ടീം കോമ്പിനേഷനെയും പുതിയ വഴിത്തിരിവിലേക്കാണ് നയിച്ചത്.
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച വേളയിൽ യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ലഭ്യമല്ലാതിരുന്നതിനാലാണ് സഞ്ജു ഓപ്പണറായി ടീമിലെത്തിയതെന്നായിരുന്നു അന്ന് അഗാർക്കറുടെ വിശദീകരണം. എന്നാൽ വർഷാവസാനത്തോടെ ട്വന്റി20 ലോകകപ്പ് ടീമിന്റെ പ്രഖ്യാപന വേദിയിൽ അഗാർക്കർ വായിച്ചപ്പോൾ ജയ്സ്വാളും ഗില്ലും ടീമിൽ പോലും ഇടംപിടിച്ചിരുന്നില്ല. ‘പകരക്കാരനായി’ എത്തിയ സഞ്ജു സാംസൺ ഇപ്പോൾ ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പറും ഓപ്പണിങ് സ്ഥാനത്തെ സ്ഥിരം സാന്നിധ്യവുമായി മാറിക്കഴിഞ്ഞു.
ടോപ് ഓർഡറിൽ ബാറ്റുചെയ്യുന്ന ഒരു വിക്കറ്റ് കീപ്പർ ടീമിന് ആവശ്യമാണെന്നായിരുന്നു ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ആ ആവശ്യകത പൂർണതയോടെ നിറവേറ്റുന്ന താരമായി സഞ്ജു മാറിയതോടെയാണ് ബിസിസിഐ മുന്നോട്ടുവച്ചിരുന്ന ‘ഗിൽ തിയറി’ ചോദ്യം ചെയ്യപ്പെടുന്നത്. മൂന്നു ഫോർമാറ്റുകളിലും ഭാവി ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ ഉയർത്തിക്കാട്ടിയ ആശയം പ്രകടനക്കുറവിനും ടീമിന്റെ ആവശ്യകതകളിലെ മാറ്റങ്ങൾക്കും മുന്നിൽ പാളിയെന്ന വിലയിരുത്തലാണ് ഇപ്പോൾ ശക്തമാകുന്നത്.
ട്വന്റി20 ലോകകപ്പിന്റെ ഫലം ഇന്ത്യയുടെ ക്യാപ്റ്റൻസി തീരുമാനങ്ങളിൽ നിർണായകമാകുമോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. ഇഷാൻ കിഷന്റെ മടങ്ങിവരവ് അടക്കമുള്ള സാധ്യതകൾ നിലനിൽക്കുമ്പോഴും നിലവിലെ സാഹചര്യത്തിൽ സഞ്ജു സാംസൺ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയെന്നതാണ് യാഥാർത്ഥ്യം. ഒരു വർഷം മുൻപ് പറഞ്ഞ വാക്കുകൾ തിരുത്തേണ്ടി വന്ന അഗാർക്കറുടെ സമ്മതവും അതിനുള്ള ശക്തമായ തെളിവായി ഇന്ത്യൻ ക്രിക്കറ്റിൽ ചര്‍ച്ചയാകുകയാണ്.












































