‘നമ്പർ വൺ കോഴി’ ട്രോഫിയുമായി യുവമോർച്ച; രാഹുലിനെ കോടതിയിലെത്തിച്ചപ്പോൾ പ്രതിഷേധം

തിരുവല്ല: പ്രവാസി യുവതിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടുള്ള അപേക്ഷ കോടതി പരിഗണിച്ചു വരികയാണ്.
കോടതിയിലെത്തിക്കുന്നതിന് മുമ്പ് രാഹുലിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആശുപത്രിക്കു മുന്നിൽ ഡി.വൈ.എഫ്.ഐയും യുവമോർച്ചയും ഇന്നും പ്രതിഷേധം നടത്തി. ‘നമ്പർ വൺ കോഴി’ എന്ന പേരുള്ള ട്രോഫിയുമായാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. ട്രോഫി രാഹുലിന് നൽകാനാണെന്നായിരുന്നു പ്രവർത്തകരുടെ പ്രതികരണം. പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം തടയാൻ ശ്രമം ഉണ്ടായതായും പൊലീസ് അറിയിച്ചു.
ഇന്നലെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി, ഇന്ന് പ്രതിയെ നേരിട്ട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി, പീഡനം നടന്നതായി പറയുന്ന ഹോട്ടലിൽ ഉൾപ്പെടെ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.
അതിജീവിതയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയതായി സംശയിക്കുന്ന മൊബൈലും ലാപ്‌ടോപ്പും കണ്ടെത്തേണ്ടതുണ്ടെന്നും, ഇതിനായി പ്രതിയുടെ വീട്ടിലും പാലക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്താനിടയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.




