റെക്കോർഡ് ഉയരത്തിൽ സ്വർണവില; കേരളത്തിൽ പവന് 1,04,520 രൂപ

തിരുവനന്തപുരം: രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പ് തുടരുന്ന സാഹചര്യത്തിലും കേരളത്തിൽ സ്വർണവില കുതിപ്പ് തുടരുന്നു. പുതുവർഷത്തിലെ ആദ്യ റെക്കോർഡ് കുറിച്ച് ഇന്ന് സ്വർണവില സർവകാല ഉയരത്തിലെത്തി. പവന് 280 രൂപ വർധിച്ച് 1,04,520 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 13,065 രൂപയിലും എത്തി.
ഈ വർഷം ഇതുവരെ 13 ദിവസത്തിനിടെ സ്വർണവിലയിൽ 5,480 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,600 ഡോളർ കടന്നതിനു പിന്നാലെ ലാഭമെടുപ്പ് ആരംഭിച്ചെങ്കിലും കേരള വിപണിയിൽ വില മുന്നോട്ടുപോയി. തിങ്കളാഴ്ച സ്വർണവില 4,629.94 ഡോളറിലെത്തി സർവകാല ഉയരം കുറിച്ചിരുന്നു. നിലവിൽ 4,591.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം. ഇന്നലെ കേരളത്തിൽ വില നിശ്ചയിച്ച സമയത്ത് രാജ്യാന്തര വിപണിയിൽ സ്വർണവില 4,570 ഡോളർ നിലവാരത്തിലായിരുന്നു.
ഇന്ന് രാവിലെ രൂപ ഏഴ് പൈസ നഷ്ടത്തോടെ 90.24 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. രൂപയുടെ ദൗർബല്യം അടക്കമുള്ള ഘടകങ്ങളാണ് സംസ്ഥാനത്ത് സ്വർണവില ഉയരാൻ കാരണമായത്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും സ്വർണവിലയെ പിന്തുണയ്ക്കുന്നുണ്ട്. ഇറാനെതിരെ നിലപാട് കടുപ്പിച്ച അമേരിക്ക, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതും വിപണിയെ സ്വാധീനിച്ചു. വെനസ്വേലൻ അധിനിവേശത്തിന് പിന്നാലെ അമേരിക്ക ഗ്രീൻലാൻഡിനെ ലക്ഷ്യമിടുന്നതായുള്ള റിപ്പോർട്ടുകളും സ്വർണത്തിന് അനുകൂല ഘടകമായി മാറുകയാണ്.
അതേസമയം, ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ട്രംപ് സർക്കാർ ആരംഭിച്ച നടപടികൾ യു.എസ്. കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യത്തെയും അമേരിക്കൻ ആസ്തികളുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതായാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ നേരത്തെ നഷ്ടത്തിലേക്ക് വീണ ഡോളർ നിലവിൽ നേരിയ നേട്ടം കൈവരിച്ചിട്ടുണ്ട്.
ഇന്നത്തെ വിലനിലവാരത്തിൽ 10 ശതമാനം പണിക്കൂലിയോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,18,470 രൂപ ചെലവാകും. 10 ശതമാനം പണിക്കൂലി, ഹാൾമാർക്കിംഗ് ചാർജ്, മൂന്ന് ശതമാനം ജിഎസ്.ടി. എന്നിവ ഉൾപ്പെടുന്ന തുകയാണിത്.




