KeralaLatest NewsPolitics

ധർമ്മടത്ത് പിണറായി തന്നെ വീണ്ടും?; തളിപ്പറമ്പിലും മട്ടന്നൂരിലും അപ്രതീക്ഷിത സ്ഥാനാർഥികൾക്ക് സാധ്യത

കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം എംഎൽഎമാരും നിലവിലെ മണ്ഡലങ്ങളിൽ നിന്നുതന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. എന്നാൽ തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിൽ മാത്രമാകും സർപ്രൈസ് സ്ഥാനാർഥികൾ രംഗത്തെത്താനുള്ള സാധ്യതയെന്നാണ് സൂചന. അതേസമയം, ധർമ്മടത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വീണ്ടും ജനവിധി തേടുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

കണ്ണൂർ ജില്ലയിൽ ആകെ 11 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ ഒമ്പതിടത്തും എൽഡിഎഫ് എംഎൽഎമാരാണ് നിലവിൽ. യുഡിഎഫിന് പേരാവൂരും ഇരിക്കൂരും മാത്രമാണ് കൈവശമുള്ളത്. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ പ്രകാരം ഒരു ടേം മാത്രമാണ് പൂർത്തിയാക്കിയ എംഎൽഎമാർ പയ്യന്നൂരിലെ ടി.ഐ. മധുസൂധൻ, കല്ല്യാശേരിയിലെ എം. വിജിൻ, അഴീക്കോട്ടെ കെ.വി. സുമേഷ്, തലശേരിയിലെ എ.എൻ. ഷംസീർ എന്നിവരാണ്. സ്പീക്കറെന്ന നിലയിൽ ഷംസീറിന് ഇളവ് ലഭിക്കാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രി തന്നെയാണ് ഇത്തവണയും എൽഡിഎഫിനെ നയിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പിണറായി വിജയൻ മത്സരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇത് മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ പാർട്ടിയെയും മുന്നണിയെയും നയിക്കുന്നതിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമോയെന്ന തരത്തിലുള്ള ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്.

മട്ടന്നൂർ മണ്ഡലത്തിൽ കെ.കെ. ശൈലജയ്ക്ക് മൂന്ന് ടേം വ്യവസ്ഥ തിരിച്ചടിയാകുമെന്നാണ് സൂചന. തളിപ്പറമ്പിൽ നിലവിലെ എംഎൽഎ എം.വി. ഗോവിന്ദൻ ഇത്തവണ മത്സരിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഘടകകക്ഷികളുടെ കൈവശമുള്ള കണ്ണൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ നിലവിലെ എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രനും കെ.പി. മോഹനനും വീണ്ടും മത്സരിക്കാനാണ് സാധ്യത. അതേസമയം, കൂത്തുപറമ്പ് സീറ്റ് ആർജെഡിയിൽ നിന്ന് സിപിഎമ്മിന് ലഭിക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. കടന്നപ്പള്ളി രാമചന്ദ്രൻ മത്സരത്തിൽ നിന്ന് പിന്മാറുകയാണെങ്കിൽ കണ്ണൂർ സീറ്റ് കോൺഗ്രസ് എസിനും നഷ്ടമാകാനിടയുണ്ടെന്ന വിലയിരുത്തലുമുണ്ട്.

യുഡിഎഫിന്റെ കൈവശമുള്ള പേരാവൂരും ഇരിക്കൂരും മണ്ഡലങ്ങളിൽ നിലവിലെ എംഎൽഎമാരായ സണ്ണി ജോസഫും സജീവ് ജോസഫും തന്നെയാകും വീണ്ടും പോരിനിറങ്ങുക എന്നതാണ് സൂചന.

Show More

Related Articles

Back to top button