രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണ; ജില്ലാ പഞ്ചായത്തംഗത്തിന്റെ ഫേസ്ബുക്ക് ലൈവ് വിവാദത്തിൽ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവരുടെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് യുഡിഎഫ് നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് ജില്ലാ പഞ്ചായത്തംഗത്തിന്റെ തുറന്ന പിന്തുണ രംഗത്തെത്തിയത്.
ഫേസ്ബുക്ക് ലൈവിൽ, രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതനാണെന്നും, പ്രതിസന്ധി നേരിടാൻ അദ്ദേഹത്തിന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നും ശ്രീനാ ദേവി കുഞ്ഞമ്മ പറഞ്ഞു. രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുകയാണെന്നും, താൻ സത്യത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും അവര്‍ വ്യക്തമാക്കി. സത്യം ആരുടെ ഒപ്പമാണെന്നത്—പരാതിക്കാരിയുടേതോ രാഹുലിന്റേതോ—നീതിന്യായ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേർത്തു.
അതേസമയം, ഫേസ്ബുക്ക് ലൈവിലെ പ്രതികരണത്തിനിടെ പരാതിക്കാരിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ഉണ്ടായതായി വിമർശനമുയർന്നു. കുടുംബബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്റെ പ്രശ്‌നമാണ് വിഷയത്തിന് പിന്നിലെന്നും, പരാതികളിൽ തന്നെ കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, മൂന്നാമത്തെ പരാതിയിലും അസ്വാഭാവികതയുണ്ടെന്നുമാണ് ശ്രീനാ ദേവി കുഞ്ഞമ്മയുടെ പ്രതികരണം.
ഇതോടെ വിഷയത്തിൽ രാഷ്ട്രീയവൃത്തങ്ങളിൽ പുതിയ വിവാദങ്ങൾക്കും പ്രതികരണങ്ങൾക്കും വഴിയൊരുങ്ങിയിരിക്കുകയാണ്.




