CrimeKeralaLatest NewsPolitics

‘ബലാൽസംഗം നടന്നുവെന്ന് പ്രഥമദൃഷ്ട്യാ തെളിവ്’; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി

തിരുവല്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മൂന്നാമത്തെ പരാതിക്കാരിയെ ബലാൽസംഗം ചെയ്തെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ശാരീരികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന പ്രതിയുടെ വാദം കോടതി നിരാകരിച്ചു. പരാതിക്കാരി വിവാഹിതയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന നിലപാടും അംഗീകരിച്ചില്ല.

പരാതിക്കാരിയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളിൽ പിന്തുണ നൽകിയാണ് രാഹുൽ മാങ്കൂട്ടത്തിൽ അവരുടെ വിശ്വാസം നേടിയതെന്ന് കോടതി നിരീക്ഷിച്ചു. തിരുവല്ലയിലെ ഒരു ഹോട്ടലിൽ കൂടിക്കാഴ്ചയ്ക്കെത്തിയപ്പോൾ റസ്റ്ററന്റിൽ ഇരുന്ന് സംസാരിക്കാമെന്ന പരാതിക്കാരിയുടെ നിർദേശത്തെ അവഗണിച്ച് തന്ത്രപരമായി മുറിയെടുത്തതായും, ഹോട്ടൽ രജിസ്റ്ററിൽ പേര് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള രീതിയിൽ രേഖപ്പെടുത്തിയതായും കോടതി ചൂണ്ടിക്കാട്ടി. മുറിയിൽ പ്രവേശിച്ച ഉടൻ യുവതിയെ ബലാൽസംഗം ചെയ്യുകയും, മർദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിന്റെ തുടർച്ചയായാണ് അതിജീവിത ഗർഭിണിയായതെന്നും പിന്നീട് വിവിധ കാരണങ്ങൾ പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും കോടതിയുടെ നിരീക്ഷണം.

പ്രഥമവിവരറിപ്പോർട്ടിൽ പരാതിക്കാരി മൂന്ന് ദിവസത്തിനകം ഒപ്പുവച്ചില്ല, മെഡിക്കൽ പരിശോധന വൈകി, അറസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചില്ല തുടങ്ങിയ പ്രതിയുടെ വാദങ്ങളും കോടതി തള്ളി. എഫ്‌.ഐ.എസ്‌. മൂന്ന് ദിവസത്തിനകം ഒപ്പുവയ്ക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങൾ ഭാരതീയ ന്യായ സംഹിതയിൽ വ്യക്തമാക്കിയിട്ടില്ലെന്നും, അറസ്റ്റ് സമയത്ത് രേഖാമൂലം കാരണങ്ങൾ അറിയിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. കോടതിയിൽ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് രേഖാമൂലം കാരണങ്ങൾ നൽകുന്നത് മതിയെന്ന സുപ്രീംകോടതി വിധിയും കോടതി ഉദ്ധരിച്ചു.

പ്രതി എംഎൽഎയായതിനാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും, സമാനമായ കുറ്റകൃത്യങ്ങൾ മുൻപും നടത്തിയതായി ആരോപണമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തെളിവുകൾ നശിപ്പിക്കാനോ അന്വേഷണം അട്ടിമറിക്കാനോ ശ്രമിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ഉത്തരവിൽ വ്യക്തമാക്കി.

Show More

Related Articles

Back to top button