KeralaLatest News

മാനവീയം വീഥിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി മില്‍ക് ക്യാന്‍ എസ്‌കേപ്പ് ആക്ട്

തിരുവനന്തപുരം: മാനവീയം വീഥിയിൽ കണ്ടുനിന്ന ജനങ്ങളുടെ ശ്വാസമിടിപ്പ് കൂട്ടി പ്രകാശ് ഹെമ്മാഡിയുടെ മിൽക്ക് ക്യാൻ എസ്കേപ് അവതരണം. ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച് നിരവധി താഴുകളിട്ട് പൂട്ടി വെള്ളം നിറച്ച മില്‍ക് ക്യാനിലുള്ളിലേയ്ക്ക് മാന്ത്രികനെ അടച്ചു.. ശേഷം സഹായികള്‍ കറുത്തതുണി കൊണ്ട് ക്യാന്‍ മൂടി.. ഉദ്വേഗഭരിതമായ നിമിഷങ്ങളായിരുന്നു പിന്നീട്. ഞൊടിയിടയില്‍ കാണികളെ ഞെട്ടിച്ചുകൊണ്ട് ബന്ധനങ്ങളെല്ലാം നിഷ്പ്രഭമാക്കി നനഞ്ഞുകുതിര്‍ന്ന് മാന്ത്രികന്‍ പുറത്തെത്തി. 118 വർഷങ്ങൾക്കു മുമ്പ് 1908 ഫെബ്രുവരി 28ന് ഹാരിഹൂഡിനി അവതരിപ്പിച്ച് ജനപ്രിയമാക്കിയ അത്യന്തം സാഹസികത നിറഞ്ഞ മില്‍ക് ക്യാന്‍ എസ്‌കേപ്പ് ആക്ടായിരുന്നു കര്‍ണാടകയില്‍ നിന്നെത്തിയ പ്രകാശ് ഹെമ്മാഡി അവതരിപ്പിച്ച് കൈയടി നേടിയത്. ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് പ്രവേശിക്കാന്‍ കഴിയുന്ന മില്‍ക്ക് ക്യാനില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ നിന്നും പൂട്ട്‌പൊളിച്ച് പുറത്തുവന്ന മാന്ത്രികനെ കാണികള്‍ ആവേശപൂര്‍വമാണ് സ്വീകരിച്ചത്.  

ഗോപിനാഥ് മുതുകാടിന്റെ സാന്നിദ്ധ്യത്തില്‍ ഐ.ജി സ്പര്‍ജന്‍കുമാര്‍ ഐ.പി.എസ് ആണ് മാന്ത്രികനെ താഴിട്ട് പൂട്ടിയത്. ആക്ട് വിജയകരമായി പൂർത്തിയാക്കിയ പ്രകാശിനെ സ്പർജൻ കുമാർ ഐ.പി.എസ് പൊന്നാട അണിയിച്ച് അനുമോദിച്ചു. 

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റ് ഹാരിഹൂഡിനിയോടുള്ള ആദരസൂചകമായി ഹൂഡിനീസ് മാജിക് പ്ലാനറ്റായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി നടത്തുന്ന എസ്‌കേപ്പ് പരമ്പരയിലെ ആദ്യ ആക്ടായിരുന്നു ഇന്നലെ മാനവീയം വീഥിയില്‍ തടിച്ചുകൂടിയ ജനങ്ങളെ സാക്ഷി നിര്‍ത്തി അവതരിപ്പിച്ചത്. ലോകമാകെ വിസ്മയം തീര്‍ത്ത എസ്‌കേപ്പ് ആക്ടുകളുടെ ശില്‍പ്പിയായ ഹാരിഹൂഡിനിയുടെ കലാവിസ്മയം പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യവും ഈ അവതരണത്തിന് പിന്നിലുണ്ട്. ഹാരിഹൂഡിനിയുടെ നൂറാമത് ചരമവാര്‍ഷികമായ 2026ല്‍ ഹാരിഹൂഡിനി സംബന്ധമായ അനുസ്മരണ പരിപാടികള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, വിവിധ എസ്‌കേപ്പ് ആക്ടുകള്‍ എന്നിവ മാജിക് പ്ലാനറ്റില്‍ സംഘടിപ്പിക്കുമെന്ന് മുതുകാട് പറഞ്ഞു.   

Show More

Related Articles

Back to top button