ഖമേനിയുടെ വിയോഗം: തെരുവിലിറങ്ങി അനുശോചനം; “അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം” മുദ്രാവാക്യങ്ങൾ

ടെഹ്റാൻ:പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിൽ ഇറാനിൽ അനുശോചന തരംഗം. ഞായറാഴ്ച പുലർച്ചെയോടെ ടെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ ഭരണാനുകൂലികൾ വൻതോതിൽ ഒത്തുകൂടി ദുഃഖം രേഖപ്പെടുത്തി.
ഇറാനിയൻ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട ദൃശ്യങ്ങളിൽ ടെഹ്റാനിലെ വിപ്ലവ ചത്വരത്തിലും ടെഹ്റാൻ സർവകലാശാലയ്ക്ക് മുന്നിലും വലിയ ജനക്കൂട്ടം ഒന്നിച്ചുകൂടിയതായി കാണാം. ഖമേനിയുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിയും ദേശീയ പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയും ആളുകൾ പ്രതിഷേധ-അനുശോചന പ്രകടനം നടത്തി.
ഹസ്രത്ത് ഫാത്തിമ മസുമെ തീർത്ഥാടന കേന്ദ്രത്തിൽ ഒത്തുകൂടിയവരും “അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം” എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ IRIB റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച ടെഹ്റാനിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഖമേനിയുടെ വസതി ലക്ഷ്യമിട്ട മിസൈൽ ആക്രമണത്തിൽ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി വിവരങ്ങളുണ്ട്. ഞായറാഴ്ച രാവിലെയാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഖമേനിയുടെ മരണത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം, ചില നഗരങ്ങളിൽ ഈ വാർത്തയെ തുടർന്നുണ്ടായ പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നുവെന്നും ചിലയിടങ്ങളിൽ ആഘോഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.




