ഖമേനിയുടെ വധം: “ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി വരുന്നു”; ഇസ്രയേലിനും അമേരിക്കയ്ക്കും ഇറാന്റെ കടുത്ത ഭീഷണി

ടെഹ്റാൻ:പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെ, ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെയും അമേരിക്കയെയും ലക്ഷ്യമിട്ടുള്ള ശക്തമായ തിരിച്ചടിയാണ് ഉടൻ ഉണ്ടാകുകയെന്ന് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് കോർപ്സ് (IRGC) അറിയിച്ചു.
ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെന്ന് ഇറാൻ ആരോപിച്ചു. ഇതിന് ശക്തമായ മറുപടി നൽകുമെന്ന് രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
“ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സായുധ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം ഉടൻ ആരംഭിക്കും. അധിനിവേശ പ്രദേശങ്ങളിലേക്കും (ഇസ്രയേൽ) അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കും,” IRGC മുന്നറിയിപ്പിൽ പറഞ്ഞു. ഈ സംഭവത്തിന് മറുപടി നൽകാതെ പോകില്ലെന്നും, ഇത് ഇസ്ലാമിക ലോകത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായമാകും എന്നും ഇറാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, ഈ ആക്രമണം “ലോകത്തിലെ അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടത്തിൽ വലിയ ജനകീയ മുന്നേറ്റത്തിന് തുടക്കമിടും” എന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. ഇറാനും സഖ്യകക്ഷികളും കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.




