ചെറിയ പെരുന്നാളു കൂടി കരുമാലൂരും മനയ്ക്കപ്പടിയും പിന്നിട്ട് രാജീവ്: ഇന്ന് (21.03.2026) പത്രിക സമര്‍പ്പിക്കും

കളമശ്ശേരി: കളമശ്ശേരി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കളമശ്ശേരി മണ്ഡലത്തിന്റെ വരണാധികാരി ആയ ജില്ലാ സപ്ലൈ ഓഫീസര്‍ മുന്‍പാകെ രാവിലെ 11 മണിക്കാണ് പത്രിക സമര്‍പ്പിക്കുക. ഇന്നലെ (20.03.2026) മണ്ഡലത്തിലെ കരുമാലൂര്‍, മനയ്ക്കപ്പടി, കൊങ്ങോര്‍പ്പിള്ളി പ്രദേശങ്ങളാണ് രാജീവ് പിന്നിട്ടത്. മനയ്ക്കപ്പടി സെന്റ്. ജോസഫ്സ് കത്തോലിക്ക പള്ളിയില്‍ നിന്നാണ് പ്രചാരണത്തിന് തുടക്കമായത്. പള്ളി വികാരി ജോസഫ് ബെന്നിയില്‍ നിന്ന് ആശംസകള്‍ ഏറ്റുവാങ്ങിയ രാജീവ് പിന്നീട് തട്ടാംപടിയിലെ. സെന്റ് തോമസ് പള്ളിയോട് ചേര്‍ന്നുള്ള നിര്‍മല ഭവന്‍ വൃദ്ധസദനത്തിലുമെത്തി. സദനത്തിലെ 21 അമ്മമാരോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ഇന്നത്തെ പത്രിക സമര്‍പ്പണത്തിന്റെ കാര്യം പ്രഖ്യാപിച്ചതും അവിടെ വെച്ചാണ്. ‘നാളെ പത്രിക സമര്‍പ്പിക്കുകയാണ്, അനുവാദവും അനുഗ്രഹവും വേണം,’ രാജീവ് പറഞ്ഞു. തുടര്‍ന്ന് പ്രസിദ്ധമായ വേഴപ്പറമ്പ് മനയിലെത്തിയ രാജീവ് വേഴപ്പറമ്പ് ചിത്രന്‍ നമ്പൂതിരിയെയും സന്ദര്‍ശിച്ചു. കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തുമ്പോള്‍ അവിടെ ഉത്സവം നടക്കുകയായിരുന്നു. ഏവരേയും ഉത്സവാശംസകളറിയിച്ച രാജീവിന് അങ്ങനെ നൂറു കണക്കിന് വോട്ടര്‍മാരെ ഒരിടത്തു കാണാന്‍ പറ്റി. പിന്നീട് പാനായിക്കുളം മുസ്ലിം ജമാഅത്ത് പള്ളിയിലെത്തി അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു.

കരുമാല്ലൂരില്‍ തിരികെയെത്തിയ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് ഭവനില്‍ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് ടി.എയ്ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര മുസ്ലിം ജമാഅത്ത് പള്ളിയിലെത്തിയും അദ്ദേഹം ചെറിയ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. മാഞ്ഞാലി, വ്യാകുലമാതാവിന്റെ പള്ളിയിലെത്തി ഇടവക വികാരി സെബാസ്റ്റ്യന്‍ അച്ചനെയും കണ്ട് (ജോമി പടനിലത്ത്) കരുമാല്ലൂര്‍ മനയ്ക്കപ്പടി ജംഗ്ഷനിലും മാവിന്‍ചുവട് കവലയിലും വോട്ടര്‍മാരുമായി സംസാരിച്ചു. ഇടവേളയ്ക്കു ശേഷം വൈകീട്ട് കൊങ്ങോര്‍പ്പിള്ളി ശാഖാ പരിസരത്തു നിന്നാണ് പ്രചാരണം പുനരാരംഭിച്ചത്. 52-ാം ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് കൊങ്ങോര്‍പ്പിള്ളി സെന്റ് ജോര്‍ജ് പള്ളിയും കൊറ്റിക്കുളങ്ങര ശ്രീ ബാലമരളീകൃഷ്ണ-പാര്‍ത്ഥസാരഥി ക്ഷേത്രവും കോംഗ്രഗേഷൻ ഓഫ് സിസ്റ്റേർസ് ഓഫ് ചാരിറ്റി നടത്തുന്ന സെൻ്റ് ആൻ്റണീസ് സദ നും ഒളനാടും സന്ദർശിച്ചു. വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ തന്നെ സ്വീകരിക്കുന്നതെന്ന് രാജീവ് പറഞ്ഞു. കളമശ്ശേരിയിലും സംസ്ഥാനത്തും ഇടതുപക്ഷം തുടരുമെന്നു തന്നെയാണ് ഈ ആവേശം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍വികസനം നടപ്പാക്കാനായതു മുതല്‍ ക്ഷേമപെന്‍ഷനുകള്‍ മുടക്കം കൂടാതെ നല്‍കിയതു വരെയുള്ള മികച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭരണത്തെപ്പറ്റി നല്ലതു മാത്രമേ ജനങ്ങള്‍ക്ക് പറയാനുള്ളു എന്നത് ചാരിതാര്‍ത്ഥ്യജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Additional story:
‘ഇദാട്ടോ ഞങ്ങടെ മന്ത്രി’: പി. രാജീവിനെ കെട്ടിപ്പിടിച്ച് ആശംസിച്ച് നബീസുമ്മ
‘നന്മഗ്രാമം’ പദ്ധതിയിലൂടെ ഒരുകോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കരുമാല്ലൂര്‍ പഞ്ചായത്തിലെ പിന്നാക്ക പ്രദേശത്തു നടത്തിയത്
‘ഒരു മന്ത്രിയും ഈ നാട്ടിലേക്ക് വന്നിട്ടില്ല, ഞങ്ങടെ രാജീവ് മന്ത്രി ഒഴിച്ച്. ഇദാട്ടോ ഞങ്ങടെ മന്ത്രി’. പറയുന്നത് കരുമാല്ലൂര്‍ പഞ്ചായത്തിലെ മാമ്പറ നന്മഗ്രാമം കിഴേക്കേടത്ത് പള്ളം വീട്ടില്‍ നബീസുമ്മയാണ്. വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ കളമശ്ശേരി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവിനെ കെട്ടിപ്പിടിച്ച് അവര്‍ നാടിന്റെ പേര് നന്മഗ്രാമം എന്നാക്കി മുഖം മാറ്റിയതിലെ നന്ദിയും ആശംസകളും അറിയിച്ചു.
വിധവയായ മകള്‍ക്കൊപ്പം ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡില്‍ ആയിരുന്നു നബീസയുടെ താമസം. മകള്‍ സൗദയ്ക്ക് അക്വാ സിറ്റിയിലുള്ള ക്ലീനിംഗ് ജോലിയാണ് ഇവരുടെ വരുമാനം. ഒരു വര്‍ഷം മുമ്പ് വരെ മാമ്പറ നാല് സെന്റ് കോളനി എന്നായിരുന്നു ഈ പ്രദേശത്തിന്റെ പേര്. രാജീവ് ഇടപെട്ട് 68കാരിയും വിധയുമായ നബീസയ്ക്കൂം മറ്റൊരു കുടുംബത്തിനും വീട് വച്ചു നല്‍കുകയും സഞ്ചാരയോഗ്യമായ വഴി ഉള്‍പ്പെടെ പ്രകടമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഇപ്പോള്‍ നന്മഗ്രാമത്തില്‍ ഒരു ഹൈടെക് അംഗനവാടിയും ഉണ്ട്.
മന്ത്രി പി. രാജീവ് ആവിഷ്‌കരിച്ച് നടപ്പാക്കിയ ‘നന്മഗ്രാമം’ പദ്ധതിയിലൂടെ ഒരുകോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കരുമാല്ലൂര്‍ പഞ്ചായത്തിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നായിരുന്ന മാമ്പ്ര നാലുസെന്റ് കോളനിയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായത്. കോളനിയിലെ 42 കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കുംവിധമാണ് പദ്ധതി നടപ്പാക്കിയത്. കോളനിയില്‍ ഭവനരഹിതരായുണ്ടായിരുന്ന രണ്ട് കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കി.

29 വീടുകളില്‍ പുതിയ സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിച്ചു. നാല് വീടുകളില്‍ പുതിയ ശുചിമുറി സ്ഥാപിച്ചു. 24 വീടുകളുടെ ശുചിമുറികള്‍ നവീകരിച്ചു. 39 വീടുകള്‍ക്ക് പ്ലംബിങ്, ഫില്‍റ്റര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി, 29 വീടുകളില്‍ ഇഷ്ടിക വിരിക്കലും പ്ലാസ്റ്ററിങ്ങും നടത്തി. റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്തു. പ്രളയസാധ്യത ഒഴിവാക്കാനായി മാമ്പ്ര തോട് 27 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുകയും ആഴം കൂട്ടി വൃത്തിയാക്കുകയും ചെയ്തു.




