IndiaKeralaLatest NewsLifeStyleNewsSports

വിശ്വകിരീട നായകൻ സഞ്ജു സാംസണിന് തിരുവനന്തപുരത്ത് ആവേശകരമായ വരവേൽപ്പ്.

തിരുവനന്തപുരം : ഐസിസി ട്വന്റി 20 ലോകകപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ജന്മനാടായ തിരുവനന്തപുരത്ത് എത്തി. തിങ്കളാഴ്ച വൈകുന്നേരം വിമാനത്താവളത്തിലെത്തിയ താരത്തെ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി . ശിവൻകുട്ടി സ്വീകരിച്ചു. എംപി എ . എ . റഹിം അടക്കമുള്ള പ്രമുഖരും ആയിരക്കണക്കിന് ആരാധകരും വിമാനത്താവളത്തിൽ എത്തി സഞ്ജുവിന് ആവേശകരമായ വരവേൽപ്പ് നൽകി. ‘സഞ്ജു ചേട്ടാ’ എന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു ആരാധകരുടെ സ്നേഹപ്രകടനം.

ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി 321 റൺസ് നേടി സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ബഹുമതി സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരം, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ, ന്യൂസിലൻഡിനെതിരായ ഫൈനൽ എന്നീ മത്സരങ്ങളിൽ കാഴ്ചവെച്ച മികവുറ്റ പ്രകടനങ്ങൾ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായി. സഞ്ജുവിന്റെ ഈ നേട്ടം കേരളത്തിന്റെ കായികരംഗത്ത് ഒരു സുവർണ്ണ അധ്യായമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ജുവിനെയും ടീമിനെയും അഭിനന്ദിച്ചിരുന്നു. സഞ്ജുവിന് സംസ്ഥാന സർക്കാർ ഔദ്യോഗികമായ സ്വീകരണം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ അതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും സൂചനയുണ്ട്. വിമാനത്താവളത്തിൽ ആരാധകർ വലിയ തോതിൽ എത്തിച്ചേർന്നതിനെ തുടർന്ന് കർശനമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ജന്മനാട് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും സഞ്ജു നന്ദി രേഖപ്പെടുത്തി.

Show More

Related Articles

Back to top button