കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു; നേതാക്കൾ ആത്മവിശ്വാസത്തിൽ,


Kerala Assembly Elections 2026
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായി. ജനങ്ങളുടെ മികച്ച പങ്കാളിത്തമാണ് ആദ്യ മണിക്കൂറുകളിൽ തന്നെ ശ്രദ്ധേയമായത്.
പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ , ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ , കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്തു.മുടവൻമുഗളിലെ ഗവൺമെന്റ് എൽ.പി. സ്കൂളിൽ പ്രശസ്ത നടൻ മോഹൻലാൽ വോട്ട് രേഖപ്പെടുത്തി
തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് ഭരണത്തിന്റെ തുടർച്ച ഉറപ്പാണെന്ന് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപി കേരളത്തിൽ സർപ്രൈസ് ഫലം ഉണ്ടാകുമെന്ന് പറഞ്ഞു. ബി.ജെ.പി നിർണായക ശക്തിയായി ഉയരും എന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
ഇതിനിടെ, കീഴരിയൂർ വെസ്റ്റ് ലോവർ പ്രൈമറി സ്കൂളിലെ വി.വി.പാറ്റ് മെഷീനിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് ഒരു മണിക്കൂർ വൈകി ആരംഭിച്ചു.
കൂടാതെ, കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മാലൂരിൽ സി.പി.എം പ്രവർത്തകർ ബി.ജെ.പി ബൂത്ത് ഏജന്റിനെ ആക്രമിച്ചതായി പരാതി ഉയർന്നു. കല്ലേറിൽ ബൂത്ത് ഏജന്റായ മനോളി ഷൈജുവിന് പരുക്കേറ്റു. സംഭവത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന നിർണായക തെരഞ്ഞെടുപ്പായതിനാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ്.




