KeralaLatest NewsPolitics

നിശബ്ദ പ്രചാരണ ദിനം ഇന്ന്; നാളെ കേരളം വിധിയെഴുതും

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിശബ്ദ പ്രചാരണ ദിനമായി ഇന്ന് ആചരിക്കുന്നു. വോട്ടെടുപ്പിന് ഇനി ഒരു പകലും രാത്രിയും മാത്രം ബാക്കി നിൽക്കെ, സ്ഥാനാർത്ഥികളും പ്രവർത്തകരും പോളിങ് ഏജൻറുമാരുടെ വിന്യാസം ഉൾപ്പെടെയുള്ള അവസാനഘട്ട ക്രമീകരണങ്ങളിൽ തിരക്കിലാണ്. വോട്ടർമാരുമായി ഫോണിലൂടെ ബന്ധപ്പെടുന്നതാണ് പ്രധാന പ്രചാരണ മാർഗമായി മാറിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നേതാക്കൾ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുമായും സമൂഹ-മത നേതാക്കളുമായും ആശയവിനിമയം നടത്തും.

ബൂത്ത് ഏജൻറുമാരെ നിയോഗിക്കുകയും ഓരോ ബൂത്തിലുമുള്ള വോട്ടർമാരെ പരമാവധി വോട്ടെടുപ്പിന് എത്തിക്കാനുമുള്ള ശ്രമങ്ങളും ശക്തമായി തുടരുന്നു. കൂടുതൽ പേർ വോട്ട് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിനിടെ, സംസ്ഥാനതല വിളംബര ജാഥ ഇന്ന് തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കും. സാങ്കേതിക കാരണങ്ങളാൽ ജില്ലാകേന്ദ്രങ്ങളിലെ വിളംബര ജാഥകളും പൊതുയോഗങ്ങളും മാറ്റിവെച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ആരംഭിക്കും. രാവിലെ 8 മണിക്ക് തന്നെ വിതരണ കേന്ദ്രങ്ങളിൽ എത്തണമെന്ന നിർദേശം ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിനും പ്രത്യേകം വിതരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബൂത്തുകളുടെ പ്രിസൈഡിംഗ് ഓഫീസർമാർ ഇവിഎം ഉൾപ്പെടെയുള്ള സാമഗ്രികൾ ഏറ്റുവാങ്ങി ബന്ധപ്പെട്ട ബൂത്തുകളിൽ എത്തിച്ച് സജ്ജീകരണങ്ങൾ പൂർത്തിയാക്കും. വിതരണ കേന്ദ്രങ്ങളിലും ബൂത്തുകളിലും കർശന സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

നാളെ രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. അതിന് മുൻപായി എല്ലാ ഒരുക്കങ്ങളും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button