ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം; 48 ടീമുകളുമായി ലോകകപ്പ് ആവേശം വടക്കേ അമേരിക്കയിൽ പന്തുരുളും

മെക്സിക്കോ സിറ്റി: കായികലോകം കാത്തിരുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ 2026 പതിപ്പിന് ഇന്ന് വടക്കേ അമേരിക്കയിൽ തുടക്കമാകും. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളാണ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യൻ സമയം ഇന്ന് രാത്രി 9 മണിക്ക് മെക്സിക്കോ സിറ്റി, ലോസ് ആഞ്ചലസ്, ടൊറന്റോ എന്നീ നഗരങ്ങളിൽ ഒരേസമയം നടക്കുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് ലോകകപ്പിന് ഔദ്യോഗിക തുടക്കമാകുന്നത്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയമാണ് ഉദ്ഘാടന പോരാട്ടത്തിന് വേദിയാകുന്നത്. ടൊറന്റോയിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ കാനഡ ബോസ്നിയയെ നേരിടും.
മുൻ ലോകകപ്പുകളിലെ 32 ടീമുകൾക്ക് പകരം ഇത്തവണ 48 രാജ്യങ്ങളാണ് വിശ്വകിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. 16 നഗരങ്ങളിലായി ആകെ 104 മത്സരങ്ങളാണ് അരങ്ങേറുക. ഉസ്ബെക്കിസ്ഥാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ആദ്യമായാണ് ലോകകപ്പിന് യോഗ്യത നേടുന്നത്.
ലിയോണൽ മെസിയുടെ നേതൃത്വത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കിരീടം നിലനിർത്താനിറങ്ങുമ്പോൾ ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ഇംഗ്ലണ്ട്, പോർച്ചുഗൽ തുടങ്ങിയ ശക്തരായ ടീമുകളും കിരീടപ്പോരാട്ടത്തിൽ സജീവ സാന്നിധ്യമായിരിക്കും. ജൂലൈ 19-ന് നടക്കുന്ന ഫൈനലോടെയാണ് ലോകകപ്പ് മാമാങ്കത്തിന് സമാപനമാകുക.
ആദ്യ മത്സരങ്ങൾ (ഇന്ത്യൻ സമയം)
ജൂൺ 13
- മെക്സിക്കോ × ദക്ഷിണാഫ്രിക്ക – 12.30 am
- ദക്ഷിണ കൊറിയ × ചെക്ക് റിപ്പബ്ലിക് – 7.30 am
ജൂൺ 14
- കാനഡ × ബോസ്നിയ – 12.30 am
- അമേരിക്ക × പരാഗ്വായ് – 6.30 am
ജൂൺ 15
- ഖത്തർ × സ്വിറ്റ്സർലൻഡ് – 12.30 am
- ബ്രസീൽ × മൊറോക്കോ – 3.30 am
- ഹെയ്തി × സ്കോട്ട്ലൻഡ് – 6.30 am
- ഓസ്ട്രേലിയ × തുർക്കി – 9.30 am
- ജർമ്മനി × ക്യൂറസാവോ – 10.30 pm
ലോകകപ്പിന്റെ വിപുലമായ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ജൂൺ 28 വരെ തുടരും. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ ശ്രദ്ധ ഇനി അടുത്ത ഒരു മാസത്തിലേറെയായി വടക്കേ അമേരിക്കൻ മൈതാനങ്ങളിലേക്കാകും.




