മിഡിൽ ഈസ്റ്റ് വീണ്ടും യുദ്ധഭീതിയിൽ; അമേരിക്ക–ഇറാൻ ആക്രമണം രണ്ടാം ദിവസവും, എണ്ണവില കുതിച്ചു.

വാഷിംഗ്ടൺ/ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു. താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് അമേരിക്കയും ഇറാനും തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ശക്തമായ ആക്രമണങ്ങൾ നടത്തിയതോടെ മേഖല പൂർണതോതിലുള്ള യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ കപ്പൽഗതാഗതത്തിനുമായി പൂർണമായി അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ട് എണ്ണക്കപ്പലുകൾ ആക്രമിച്ചതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. ഇതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. രാജ്യാന്തര വിപണിയിൽ എണ്ണവില രണ്ട് ശതമാനം ഉയർന്ന് ബാരലിന് 95 ഡോളറിലെത്തി.
ഇറാന്റെ തെക്കൻ മേഖലകളിലെ സൈനിക താവളങ്ങൾ, നിരീക്ഷണ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യാപക വ്യോമാക്രമണം നടത്തി. സ്ഥിരമായ സമാധാന കരാറിലെത്താൻ ടെഹ്റാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടികൾ നേരിടേണ്ടിവരുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.
അമേരിക്കൻ നടപടിക്ക് മറുപടിയായി മേഖലയിൽ പ്രവർത്തിക്കുന്ന യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടിച്ചു. ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾ തുടർച്ചയായ രണ്ടാം ദിവസവും ആക്രമണത്തിന് ഇരയായതായി റിപ്പോർട്ടുകളുണ്ട്.
ജോർദാനിലെ മുവാഫഖ് സാൽതി എയർബേസിന് നേരെ ഐആർജിസി 12 ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ അറിയിച്ചു. ആക്രമണത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾക്കും സൈനിക സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായതായി ഇറാൻ അവകാശപ്പെട്ടെങ്കിലും ഇക്കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്ന് കുവൈറ്റ് തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടയ്ക്കുകയും പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാക്കുകയും ചെയ്തു.
ഇറാനിലെ പ്രധാന കേന്ദ്രങ്ങൾക്കെതിരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് മുന്നറിയിപ്പ് നൽകി. അതേസമയം അമേരിക്കയുടെ സമ്മർദങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. നയതന്ത്ര ചർച്ചകളെ തകർക്കുന്നത് അമേരിക്കയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും, സംഘർഷം വ്യാപിക്കാതിരിക്കാൻ ഇരുരാജ്യങ്ങളും എത്രയും വേഗം നയതന്ത്രപരമായ പരിഹാരത്തിലേക്ക് എത്തണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.




