സ്വാതന്ത്ര്യം കിട്ടി അധികം വൈകാതെ ഗാന്ധിയെ നമുക്ക് വേണ്ടാതായിയെന്ന് എം സുചിത്ര

കൊച്ചി: സ്വാതന്ത്ര്യം ലഭിച്ച് അധികം വൈകാതെ ഗാന്ധിജിയെ നമുക്ക് വേണ്ടാതായെന്ന് മാധ്യമ പ്രവര്‍ത്തക എം. സുചിത്ര. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന ഗാന്ധി സ്മാരക കലാപ്രദര്‍ശനത്തിന്റെ ഭാഗമായ പ്രഭാഷണ പരമ്പരയില്‍ ഇന്നലെ (ഫെബ്രു. 16) ജീവിതത്തിലെ ഗാന്ധി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്റെ ജീവിതത്തിലെ അവസാനത്തെ പതിനെട്ട് മാസം ഗാന്ധി സഞ്ചരിച്ച വഴികളിലൂടെ കവിയും ചരിത്രകാരനുമായ പി. എന്‍ ഗോപീകൃഷ്ണന്‍, ഫോട്ടോഗ്രാഫര്‍ സുധീഷ് എഴുവത്ത് എന്നിവര്‍ നടത്തിയ യാത്രയാണ് ദര്‍ബാര്‍ ഹാളില്‍ നവമാധ്യമ കലാപ്രദര്‍ശനമായി ഒരുക്കിയിരിക്കുന്നത്.
മാതാപിതാക്കള്‍ ഗാന്ധിയന്മാരായതിനാല്‍ കുട്ടിക്കാലം മുതലേ ഒരു മുത്തശ്ശനെ പോലെ തന്റെ ജീവിതത്തില്‍ ഗാന്ധി ഒരു അദൃശ്യ സാന്നിധ്യമാണെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. ഇന്ന് ഖാദി പോലും ഉല്‍പ്പാദിപ്പിക്കുന്നത് കുത്തകകള്‍ നല്‍കുന്ന ബിടി പരുത്തികൊണ്ടാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ 58 ലക്ഷത്തിലേറെ പരുത്തി കര്‍ഷകരുണ്ടെന്നും കര്‍ഷക ആത്മഹത്യ ഏറ്റവും അധികം നടക്കുന്ന പരുത്തി മേഖലയിലാണെന്നും അവര്‍ സൂചിപ്പിച്ചു. അതിന് കാരണം വിത്ത് ലഭ്യമല്ലാത്തതാണ്. രണ്ടാം തലമുറ നേതാക്കള്‍ ഇല്ലാതെ പോയത് ഗാന്ധിസം ഇല്ലാതാകാനും കാരണമായി. ഗാന്ധിയ്ക്ക് കൊടുത്ത വാക്കുകള്‍ പാലിക്കാന്‍ പോലും പിന്നീട് വന്നവര്‍ തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ‘ചരിത്രത്തില്‍ അക്രമരാഹിത്യ സമരങ്ങള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത് എന്നതാണ് ഗാന്ധിജിയുടെ പ്രസക്തി. ഗാന്ധിയന്‍ പശ്ചാത്തലത്തില്‍ ജീവിച്ചിട്ടും പലതും സമൂഹത്തിന് വേണ്ടി ചെയ്യാന്‍ കഴിയാതിരുന്നതില്‍ തനിക്കും കുറ്റബോധമുണ്ട്. ചര്‍ക്കയുടെ പിന്നില്‍ നിന്ന് ഗാന്ധിയെ മാറ്റി മോദി വന്നിരുന്നാല്‍ സങ്കടം വരും. ഗാന്ധി സ്മൃതിയില്‍ നിന്ന് തോക്ക് മാറ്റുകയും സബര്‍മതി ആശ്രമം ഹൈജാക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത് ചരിത്രത്തില്‍ നിന്നും അദ്ദേഹത്തെ മായ്ച്ചു കളയാനുള്ള ശ്രമത്തിന്റെ ഭാഗമാണ്,’ അവര്‍ പറഞ്ഞു.
ആരോഗ്യ പ്രശ്‌നങ്ങളാല്‍ കവിതയിലെ ഗാന്ധി എ വിഷയം അവതരിപ്പിക്കാനിരുന്ന പ്രശസ്ത കവിയത്രി വി. എം ഗിരിജ എത്തിച്ചേര്‍ില്ലെങ്കിലും അവര്‍ അയച്ച സന്ദേശം പി. എന്‍ ഗോപീകൃഷ്ണന്‍ സദസില്‍ വായിച്ചു. വിവിധ കവികള്‍ ഗാന്ധിയെക്കുറിച്ചഴുതിയ പ്രശസ്തമായ കവിതകള്‍ അടങ്ങുതായിരുന്നു ഗിരിജയുടെ സന്ദേശം. അതിന് ശേഷം കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലി കവിത അവതരിപ്പിച്ചു.
ജനുവരി 30ന് ആരംഭിച്ച പ്രദര്‍ശനത്തില്‍ നിരവധി പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. പ്രദര്‍ശനം നാളെ (ഫെബ്രു. 18) അവസാനിക്കും.