“കുവൈത്തിൽ സ്വകാര്യ സ്കൂളിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ”

കുവൈത്ത് സിറ്റി ∙ ഫർവാനിയ ഗവർണറേറ്റിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തുള്ള ഒരു സ്വകാര്യ സ്കൂളിൽ തീപിടുത്തം. സംഭവത്തിനുശേഷം സ്കൂൾ ജീവനക്കാരെയും കുട്ടികളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തീപിടുത്തത്തിൽ ആർക്കും പൊള്ളലേൽക്കുകയോ പരിക്കുകളേൽക്കുകയോ ചെയ്തിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടുത്ത വിവരം ലഭിച്ചതോടെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
സ്കൂളിന്റെ മുകളിലത്തെ നിലയിൽ വെയർഹൗസ് ആയി ഉപയോഗിച്ചിരുന്ന മുറിയിൽ നിന്നാണ് തീ പടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കെട്ടിടത്തിൽ നിന്ന് വലിയ തോതിൽ പുക ഉയർന്നതും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതുമാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതായും അധികൃതർ അറിയിച്ചു.