വസ്ത്രങ്ങൾ ചേരുമോ എന്ന് ഇനി ഗൂഗിള്‍ തന്നെ പറയും; പുതിയ ഡിജിറ്റല്‍ ടെക്‌നോളജി പരീക്ഷണവിധേയമാക്കി

വസ്ത്രം ധരിക്കുന്നതിന് മുമ്പ് അത് നമ്മുക്ക് യോജിക്കുമോ എന്ന സംശയം പലർക്കുമുണ്ട്. ഇത്തരം സംശയങ്ങൾക്ക് പരിഹാരവുമായി ഗൂഗിൾ എത്തിയിരിക്കുകയാണ്. ‘ഡോപ്ല്‍’ എന്ന പുതിയ ടെക്‌നോളജി ഗൂഗിള്‍ ലാബ്സ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു.
ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താവിന്റെ ഡിജിറ്റല്‍ രൂപം സൃഷ്ടിച്ച് പുതിയ വസ്ത്രങ്ങൾ അതില്‍ വെർച്വലായി അണിയിച്ചു നോക്കാം. അതായത് നമുക്ക് പുതിയ വസ്ത്രം ശരീരത്തിന് എങ്ങനെയായിരിക്കും എന്ന് ആപ്പ് വഴി കാണാനാകും. ഉപയോക്താവിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്താൽ അതിന്റെ ചലനമുള്ള ആനിമേറ്റഡ് രൂപം ആപ്പ് സൃഷ്ടിക്കും.
അതിനുശേഷം ഉപയോഗിക്കുവാനുള്ള വസ്ത്രങ്ങളുടെ ഫോട്ടോകള്‍ അല്ലെങ്കില്‍ സ്ക്രീൻഷോട്ടുകൾ അപ്‌ലോഡ് ചെയ്യാം. അതിനെ അടിസ്ഥാനമാക്കി ആ വസ്ത്രം നമ്മളെ എങ്ങനെ അനുയോജ്യമായി അണിയിക്കും എന്ന് കൃത്യമായി കാണാനും കഴിയുന്നു. നമ്മളുടെ ഫോട്ടോയോട് ഒപ്പമിട്ട് പുതിയ വസ്ത്രം ധരിച്ച രൂപം എങ്ങനെ കാണപ്പെടും എന്നത് ഒരു ചെറിയ എ.ഐ. വീഡിയോയിലൂടെ ഈ ആപ്പ് കാണിക്കുകയും ചെയ്യും.
നിലവില്‍ ടോപ്സ്, ബോട്ടംസ് തുടങ്ങിയ വസ്ത്രങ്ങളാണ് പരീക്ഷിക്കാനാവുന്നത്. ചെരുപ്പ്, അടിവസ്ത്രം, ബാത്തിങ് സ്യൂട്ട് പോലുള്ളവക്ക് ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല.
സോഷ്യൽ മീഡിയയിലോ സുഹൃത്തുക്കളിൽ നിന്നോ കണ്ട വസ്ത്രങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് പരീക്ഷിക്കാനും, വേണെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനുമുള്ള സൗകര്യവും ഈ ആപ്പിലുണ്ട്.
ഇതുവരെ അമേരിക്കയിലാണ് ഗൂഗിള്‍ ഡോപ്ല്‍ ലഭ്യമായിരിക്കുന്നത്. പക്ഷേ ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്കും ഇത് എത്തിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാം.

ഇത് പരീക്ഷണ ഘട്ടത്തിലായതിനാൽ ചിലപ്പോൾ ചെറിയ തടസ്സങ്ങൾ ഉണ്ടാകാമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഉപയോഗിക്കാൻ വളരെ ലളിതമായ ഈ പുതിയ സംവിധാനത്തിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.




