Blog

റിപ്പബ്ലിക്കൻ കൺവൻഷൻ ട്രംപ്-വാൻസ്‌ ടിക്കറ്റ് അംഗീകരിച്ചു.

ഒഹായോവിൽ നിന്നുള്ള യുവ സെനറ്റർ ജെ ഡി വാൻസിനെ (39) റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇന്ത്യൻ വംശജയായ ഭാര്യ ഉഷാ ചിലുകുറി വാൻസുമൊത്തു അദ്ദേഹം റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷൻ വേദിയിൽ പാർട്ടി അംഗീകാരം ഏറ്റു വാങ്ങിയപ്പോൾ നീണ്ടു നിന്ന കരഘോഷം ഉയർന്നു.

നിബിഡമായ താടി വളർത്തിയ വാൻസ്‌ ഒഹായോ ഗവർണർ മൈക്ക് ഡെവിനും ഡെലിഗേറ്റുകളുമായി ഹസ്തദാനം ചെയ്ത ശേഷമാണ് വേദിയിലേക്ക് ഔദ്യോഗിക ചടങ്ങിനു കയറിയത്. 

വാൻസിനെ നോമിനേറ്റ് ചെയ്യാനുള്ള പ്രമേയം ബിസിനസ്മാൻ ബെർണി മൊറേനോ ആണ് അവതരിപ്പിച്ചത്.

“വലിയൊരു ദേശസ്നേഹിയാണ് വാൻസ്‌, അദ്ദേഹം ഒഹായോയെ സ്നേഹിക്കുന്നു,” മൊറേനോ പറഞ്ഞു. കൺവെൻഷനിൽ ഔദ്യോഗിക നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ട്രൂത് സോഷ്യൽ മാധ്യമത്തിലാണ് 78 വയസുള്ള ട്രംപ് തന്റെ പകുതി പ്രായമുള്ള വാൻസിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ അടുത്ത സുഹൃത്തായ വാൻസിനു വേണ്ടി പിതാവിന്റെ മേൽ സമമർദം ചെലുത്തിയിരുന്നു. 2028ൽ വാൻസിനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവുക എന്ന ലക്‌ഷ്യം അദ്ദേഹത്തിനുണ്ടെന്നു റിപ്പോർട്ടുണ്ട്.

ജനപ്രിയ നയങ്ങളിൽ താല്പര്യമുള്ള രാഷ്ട്രീയത്തിനു അറിയപ്പെട്ട വാൻസ്‌ 2022ലാണ് ആദ്യമായി സെനറ്റിൽ എത്തുന്നത്. ട്രംപിന്റെ കടുത്ത വിമര്ശകനായിരുന്ന അദ്ദേഹം അടുത്തകാലത്താണ് അദ്ദേഹത്തിന്റെ വിശ്വസ്തനായത്.

നവംബർ 5 തിരഞ്ഞെടുപ്പിൽ ജയിച്ചാൽ താടി വളർത്തിയ രണ്ടാമത്തെ വൈസ് പ്രസിഡന്റാവും വാൻസ്‌. 1929 മുതൽ നാലു വർഷം വൈസ് പ്രസിഡന്റായിരുന്ന ക്രിസ് കർട്ടിസ് ആണ് ഇതിനു മുൻപൊരു താടിക്കാരൻ വി പി.

യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വി പി മാരിൽ ഒരാളുമാവും അദ്ദേഹം. ജോൺ ബ്രെക്കിൻറിഡ്ജ് ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞയാൾ: 36. വാൻസിനു ഓഗസ്റ്റിൽ 40 ആവും.

മുട്ടുമടക്കുന്ന സ്ഥാനാർഥിയെന്നു ഡെമോക്രറ്റുകൾ 

ബൈഡൻ-ഹാരിസ് കാമ്പയ്ൻ ട്രംപിന്റെ തീരുമാനത്തെ വിമർശിച്ചു. നിയമം ലംഘിച്ചായാലും ട്രംപിന്റെ മാഗാ അജണ്ട നടപ്പാക്കാൻ മടിക്കാത്ത ആളെന്ന പ്രതീക്ഷയിലാണ് ട്രംപ് അദ്ദേഹത്തെ തിരഞ്ഞടുത്തതെന്നു അവർ പറഞ്ഞു. “അത് അമേരിക്കൻ ജനതയ്ക്കു ദോഷമാവും എന്നത് അദ്ദേഹം കണക്കാക്കില്ല.”

ട്രംപിന്റെ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസ് അങ്ങിനെ ആയിരുന്നില്ല. താൻ തോറ്റ തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കരുതെന്ന ട്രംപിന്റെ നിർദേശം 2021 ജനുവരി 6നു തള്ളിയ പെൻസ് ഭരണഘടന ഉയർത്തിപ്പിടിച്ചു. “അമേരിക്കൻ ജനതയുടെ താല്പര്യങ്ങൾ ബലി കഴിച്ചു ട്രംപിന്റെ പ്രോജെക്ട് 2025 അജണ്ട വാൻസ്‌ നടപ്പാക്കും. രാജ്യമൊട്ടാകെ അബോർഷൻ നിരോധിക്കണമെന്നു വാദിക്കുന്നയാളാണ് അദ്ദേഹം. ബലാത്സംഗത്തിനും മറ്റും ഇരയായി അതിൽ നിന്ന് ഒഴിവു തേടുന്നവർക്ക് അനുമതി നല്കുന്നതിനെയും അദ്ദേഹം എതിർക്കുന്നു.

“അഫോർഡബിൾ കെയർ ആക്ട് നടപ്പാക്കുന്നതിനെ വാൻസ്‌ എതിർത്തിട്ടുണ്ട്.

ഏറ്റവും ഉയർന്ന മികവെന്നു ട്രംപ്

ജെ ഡി വാൻസിനെ തിരഞ്ഞെടുത്തത് മറ്റു പല വ്യക്തികളുടെയും ഉയർന്ന മികവ് കൂടി പരിഗണിച്ച ശേഷമാണെന്നു ട്രംപ് പറഞ്ഞു. ദീർഘമായ ആലോചനയും അതിനു പിന്നിലുണ്ട്.

“ജെ ഡി നമ്മുടെ രാജ്യത്തിനു വേണ്ടി മറീൻ കോപ്‌സിൽ സേവനം അനുഷ്‌ഠിച്ചു. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു രണ്ടു വർഷം കൊണ്ടു ഗ്രാജുവേറ്റ് ചെയ്തു. യേൽ സ്കൂളിൽ പഠിച്ചു. യേൽ ലോ ജേർണൽ എഡിറ്റർ ആയിരുന്നു. യേൽ ലോ വെറ്ററൻസ് അസോസിയേഷൻ പ്രസിഡന്റും.”

വാൻസിന്റെ ‘Hillbilly Elegy’ എന്ന പുസ്തകം ബെസ്റ്സെല്ലർ ആയിരുന്നു. അത് സിനിമയുമായി. “നമ്മുടെ നാട്ടിലെ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീപുരുഷന്മാരെ കുറിച്ചാണ് വാൻസ്‌ എഴുതിയത്.”

രാഷ്ട്രീയ യാത്രയിലും പങ്കാളിയായി ഉഷ

വാൻസിന്റെ രാഷ്ട്രീയ യാത്രയിലും സജീവ പങ്കാളിയാണ് ഉഷ. അക്കാര്യം വാൻസ്‌ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാ വേദികളിലും അവർ കൂടെ എത്താറുണ്ട്.

പത്തു വർഷം നീണ്ട ദാമ്പത്യത്തിൽ വാൻസിനും ഉഷയ്ക്കും കൂടി കുട്ടികൾ മൂന്ന്: ഇവാൻ, വിവേക്, മിരാബെൽ.

കലിഫോർണിയയിൽ ജനിച്ച ഉഷ വളർന്നത് സാൻ ദിയാഗോയുടെ പ്രാന്ത പ്രദേശത്തുള്ള ഇന്ത്യൻ ഭവനത്തിലാണ്. മൗണ്ട് കാർമൽ സ്കൂളിൽ പഠിച്ചു. പിന്നീട് യേൽ ലോ സ്കൂളിൽ എത്തിയപ്പോഴാണ് 2013ൽ വാൻസിനെ കണ്ടുമുട്ടുന്നത്. 2014ൽ വിവാഹിതരായി.

യേലിൽ നിന്നു ചരിത്രത്തിൽ ബി എ നേടിയ ഉഷ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിജിൽ നിന്നു എംഫിലും എടുത്തു.

Show More

Related Articles

Back to top button