AmericaCrimeIndiaLatest NewsNewsObituary

കാലിഫോർണിയയിൽ ഇന്ത്യൻ യുവാവിനെ വെടിവെച്ച് കൊന്നു; പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് ദാരുണമായ അന്ത്യത്തിൽ കലാശിച്ചത്

കാലിഫോർണിയ : ഹരിയാനയിലെ ജിന്ദ് ജില്ല സ്വദേശി, 26 കാരനായ കപിൽ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനിടെ ഉണ്ടായ തർക്കത്തിൽ വെടിയേറ്റ് മരണമടഞ്ഞു. യുഎസ് പൗരനുമായി ഉണ്ടായ വാക്കേറ്റം പിന്നീട് വെടിവയ്പ്പിലേക്കും കപിലിന്റെ മരണത്തിലേക്കും വഴിമാറുകയായിരുന്നു.

ബറഹ് കലാൻ ഗ്രാമത്തിലെ ചെറുകിട കർഷകനായ ഈശ്വർ സിങ്ങിന്റെ ഏക മകനായിരുന്നു കപിൽ. സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞ കപിലിന്റെ മരണവാർത്ത അറിഞ്ഞ കുടുംബം ദുഃഖത്തിൽ മുങ്ങിയിരിക്കുകയാണ്. യുഎസിലെ നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ കുറഞ്ഞത് 15 ദിവസം വേണ്ടിവരുമെന്നാണ് പ്രതീക്ഷ. മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു.

രണ്ടര വർഷം മുമ്പ് മെച്ചപ്പെട്ട ജീവിതത്തിനായി ‘ഡോങ്കി റൂട്ട്’ എന്നറിയപ്പെടുന്ന അനധികൃത മാർഗം വഴി അമേരിക്കയിലേക്ക് കുടിയേറിയ കപിലിന് ഇതിനായി കുടുംബം ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. പിന്നാലെ അറസ്റ്റിലായെങ്കിലും നിയമപരമായ നടപടികളിലൂടെ മോചിതനായ അദ്ദേഹം പിന്നീട് യുഎസിൽ സ്ഥിരതാമസക്കാരനായി. വിവാഹിതയായ ഒരു സഹോദരിയും പഠനം തുടരുന്ന മറ്റൊരു സഹോദരിയും അദ്ദേഹത്തിനുണ്ട്.

ഈ വർഷം ആദ്യം ജോർജിയയിൽ ഹരിയാന സ്വദേശി വിവേക് സൈനിയെ കൊലപ്പെടുത്തിയ സംഭവവും, 2022ൽ കാലിഫോർണിയയിൽ ഒരു സിഖ് കുടുംബം കൊല്ലപ്പെട്ട സംഭവവും വീണ്ടും ഓർത്തുകൊണ്ട് യുഎസിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ ഇടപെടലുകൾ വേണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Show More

Related Articles

Back to top button