കത്തോലിക്കാസഭയ്ക്ക് രണ്ട് പുതിയ വിശുദ്ധര്‍; കാര്‍ലോ അക്യുട്ടിസും പിയര്‍ ജോര്‍ജിയോ ഫ്രസാറ്റിയും വിശുദ്ധപദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി : ലോക കത്തോലിക്കാസഭയ്ക്ക് രണ്ട് പുതിയ വിശുദ്ധര്‍ കൂടി. ‘ഗോഡ്‌സ് ഇന്‍ഫ്‌ലുവന്‍സര്‍’ എന്നറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസിനെയും, 1925-ല്‍ അന്തരിച്ച ഇറ്റാലിയന്‍ പര്‍വതാരോഹകനായ പിയര്‍ ജോര്‍ജിയോ ഫ്രസാറ്റിയെയും മാര്‍പാപ്പ ലിയോ പതിന്നാലാമന്‍ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആരംഭിച്ച ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ഓണ്‍ലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച കാര്‍ലോ അക്യുട്ടിസ് സഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധനായി. കംപ്യൂട്ടര്‍ കോഡിങ് സ്വയം അഭ്യസിച്ച അദ്ദേഹം സഭയിലെ അത്ഭുതപ്രവൃത്തികള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ ലോകത്ത് പ്രചരിപ്പിച്ചിരുന്നു. ‘സൈബര്‍ അപ്പസ്‌തോലന്‍’ എന്ന പേരിലറിയപ്പെട്ട അക്യുട്ടിസിനെ 2020-ല്‍ പോപ്പ് ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ടവനാക്കി പ്രഖ്യാപിച്ചിരുന്നു.
ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ അക്യുട്ടിസ് 2006-ല്‍ പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദബാധയെ തുടര്‍ന്ന് മരണപ്പെട്ടു. അസീസിയിലെ ചില്ലുശവകുടീരത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം സൂക്ഷിച്ചിരിക്കുന്നത്. അന്നു ധരിച്ചിരുന്ന ജീന്‍സ്, ഷര്‍ട്ട്, നൈക്കി ഷൂസ് എന്നിവയോടെയാണ് ശരീരം ഇപ്പോഴും നിലനില്‍ക്കുന്നത്. അക്യുട്ടിസിന്റെ മധ്യസ്ഥതയില്‍ രണ്ട് അത്ഭുതങ്ങള്‍ സംഭവിച്ചുവെന്ന് വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് വിശുദ്ധപദവി ലഭിച്ചത്.
ഇതിനൊപ്പം, യുവാക്കളുടെ ആത്മീയ ജീവിതത്തിന് മാതൃകയായ ഇറ്റാലിയന്‍ പര്‍വതാരോഹകനായ പിയര്‍ ജോര്‍ജിയോ ഫ്രസാറ്റിയും വിശുദ്ധനായി സഭ അംഗീകരിച്ചു. 1925-ല്‍ 24-ാം വയസ്സില്‍ അന്തരിച്ച ഫ്രസാറ്റിയെ ‘മലകളുടെ വിശുദ്ധന്‍’ എന്ന പേരിലാണ് വിശ്വാസികള്‍ ഓര്‍മിക്കുന്നത്.




