സെലെന്‍സ്‌കി; “പുടിന്‍ എന്നെ കാണണ്ട, ട്രംപിനെ കണ്ടാല്‍ മതി”

ന്യൂഡല്‍ഹി : അലാസ്‌ക ഉച്ചകോടിയില്‍ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി അസന്തോഷം പ്രകടിപ്പിച്ചു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്കായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും യുക്രെയ്നിനെ അതിലേക്കു ക്ഷണിച്ചിരുന്നില്ല.
“പുടിന് ഏറെ ആഗ്രഹിച്ചിരുന്നത് ട്രംപുമായി നേരിട്ടുള്ള കൂടിക്കാഴ്ചയാണ്. അവന്‍ അത് നേടി. എന്നാല്‍ യുക്രെയ്ന്‍ അവിടെ ഇല്ലാതിരുന്നതില്‍ ഖേദമുണ്ട്. പുടിന്‍ എന്നെ കാണാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷേ അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം ഇരിക്കണമെന്ന ആഗ്രഹം മാത്രമാണ് അവനെ പ്രേരിപ്പിച്ചത്. അത് ലോകത്തിനു മുന്നില്‍ വീഡിയോയും ചിത്രങ്ങളും കാണിക്കാന്‍ വേണ്ടിയായിരുന്നു,” എന്നാണ് സെലെന്‍സ്‌കി എബിസി ന്യൂസിനോട് പറഞ്ഞത്.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്ന് സെലെന്‍സ്‌കി അഭിപ്രായപ്പെട്ടു. “പുടിന്‍ ആയുധം പിടിക്കുന്നത് എണ്ണയും വാതകവും വിറ്റ് സമ്പാദിക്കുന്ന പണത്തിലൂടെയാണ്. അതിനാല്‍ റഷ്യയില്‍നിന്ന് ഊര്‍ജ്ജം വാങ്ങുന്നത് നിര്‍ത്തണം. കൊലയാളിയെ നിര്‍ത്താനുള്ള ഏക മാര്‍ഗം അവന്റെ ആയുധം അഴിച്ചുമാറ്റുകയാണ്,” എന്നും ഇന്ത്യയുള്‍പ്പെടെ റഷ്യന്‍ ഊര്‍ജ്ജം വാങ്ങുന്ന രാജ്യങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“മോസ്‌കോയിലേക്ക് പോകാമല്ലോ” എന്ന ചോദ്യത്തിന്, “എന്റെ രാജ്യം എല്ലാ ദിവസവും മിസൈല്‍ ആക്രമണങ്ങള്‍ക്കും വിധേയമാകുമ്പോള്‍ എനിക്ക് അവിടെ പോകാനാവില്ല. പുടിന്‍ വരണമെങ്കില്‍ യുക്രെയ്നിലേക്ക് വരാം. അത് അവന്‍ മനസ്സിലാക്കുന്ന കാര്യമാണ്,” എന്നും സെലെന്‍സ്‌കി വ്യക്തമാക്കി.




