AmericaLatest NewsNewsPolitics

കലിഫോർണിയയിൽ ചരിത്രപരമായ നിയമം: ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ പൊലീസുകാർ മുഖം മറയ്ക്കാൻ പാടില്ല

ലൊസാഞ്ചലസ് : ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ പൊലീസുകാരും മറ്റ് നിയമ നിർവ്വഹണ ഉദ്യോഗസ്ഥരും മുഖം മറയ്ക്കുന്നത് നിരോധിക്കുന്ന നിയമത്തിൽ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം ഒപ്പുവച്ചു. ഇത്തരമൊരു നിയമം പാസാക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനം കലിഫോർണിയായാണ്. ഫെഡറൽ ഏജന്റുമാർ കുടിയേറ്റക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതിനായി മുഖം മൂടി ധരിച്ച് നടത്തിയ റെയ്ഡുകളോടുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ നീക്കം.

ലൊസാഞ്ചലസിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് നിയമനിർമ്മാണം നടന്നത്. നഗരത്തിൽ കലാപം ശമിപ്പിക്കുന്നതിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാഷനൽ ഗാർഡിനെയും മറൈൻസിനെയും വിന്യസിച്ചിരുന്നു. പുതിയ നിയമപ്രകാരം, ലോക്കൽ, ഫെഡറൽ ഉദ്യോഗസ്ഥർ ഔദ്യോഗിക ജോലികൾ ചെയ്യുന്നതിനിടെ കഴുത്തിലെ ഗേറ്ററുകൾ, സ്കീ മാസ്കുകൾ, മറ്റ് മുഖം മറയ്ക്കുന്ന വസ്തുക്കൾ എന്നിവ ധരിക്കുന്നത് നിരോധിക്കും.

എന്നിരുന്നാലും, അണ്ടർകവർ ഏജന്റുമാർക്ക്, മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള N95 മാസ്കുകൾക്ക്, സുരക്ഷാ ആവശ്യത്തിനുള്ള ടാക്ടിക്കൽ ഗിയറുകൾക്ക് ഒഴിവ് നൽകിയിട്ടുണ്ട്. 2026 ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും.

ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമമാണിതെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടത്തിലെ നേതാക്കളും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെയും ഉദ്യോഗസ്ഥരും വിമർശനം ഉന്നയിച്ചു. ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ച് ഭീഷണിപ്പെടുത്തുന്ന ‘ഡോക്സിങ്’ ആക്രമണങ്ങൾ വർധിക്കാൻ ഇടയാകുമെന്നതും അവരുടെ വാദങ്ങളിൽ ഉൾപ്പെട്ടിരുന്നു.

എന്നാൽ, ഇത്തരം ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും നിയമം ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കുമെന്നും ഗവർണർ ന്യൂസോം വ്യക്തമാക്കി. ആളുകളെ കബളിപ്പിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നതും ഉദ്യോഗസ്ഥരാണെന്ന് നടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും തടയാനാവും പുതിയ നിയമം ലക്ഷ്യമിടുന്നതെന്നും വക്താക്കൾ വ്യക്തമാക്കി.

Show More

Related Articles

Back to top button