KeralaLatest NewsLifeStyleSports

ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തിരുവനന്തപുരത്ത് ഒക്ടോബര്‍ 3ന് തുടക്കം.

സാംസ്‌കാരിക- യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: സംസ്ഥാനം മുഴുവന്‍ കാരുണ്യ യുവസമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി പതിനായിരക്കണക്കിന് യുവജനങ്ങളെ അണിനിരത്തിയുള്ള വാക്കത്തോണുമായി പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയര്‍. ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് 9 ജില്ലകളിലായി സംഘടിപ്പിക്കുന്ന വാക്കത്തോണിലൂടെയാണ് പദ്ധതിയുടെ വിളംബരം നടത്തുക. ഒക്ടോബര്‍ 3ന് രാവിലെ 9.30ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിനു മുന്നില്‍നിന്നാണ് ആദ്യ വാക്കത്തോണ്‍ ആരംഭിക്കുകയെന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ പറഞ്ഞു. . സാംസ്‌കാരിക- യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ വാക്കത്തോണിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജനപ്രതിനിധികളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. വാക്കത്തോണ്‍ നന്ദാവനം പ്രൊഫ. എന്‍. കൃഷ്ണപിള്ള ഓഡിറ്റോറിയത്തില്‍ സമാപിച്ചതിനുശേഷം സെമിനാര്‍ നടക്കും. പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറും മാജിക് പ്ലാനറ്റിന്റെ ഫൗണ്ടറുമായ ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തും.

വിവിധ ജില്ലകളിലെ വാക്കത്തോണിനുശേഷം ഒക്ടോബര്‍ 15ന് തൃശൂരിലാണ് സമാപനം. 20,000 ലേറെ വിദ്യാര്‍ത്ഥികളും സാമൂഹ്യസംഘടനകളും സന്നദ്ധപ്രവര്‍ത്തകരും വാക്കത്തോണിന്റെ ഭാഗമാകും. പാലിയേറ്റീവ് പരിചരണ രംഗത്ത് നിലവിലുള്ള വിടവുകള്‍ നികത്താനും മെച്ചപ്പെട്ട പരിചരണവും അന്തസ്സോടെയുള്ള ജീവിതാന്ത്യവും നല്‍കാനും ഉദ്ദേശിച്ചാണ് കംപാഷണേറ്റ് യൂത്ത് ഇനീഷ്യേറ്റീവ് എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് കെ.എം. നൂര്‍ദീന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2030 നകം ഒരുലക്ഷം വിദ്യാര്‍ത്ഥികളെ 30 മണിക്കൂര്‍ നീളുന്ന പരിശീലന പരിപാടിയിലൂടെ കാരുണ്യത്തിന്റെ പതാകാവാഹകരാക്കുക എന്നതാണ് ലക്ഷ്യം. സ്വതന്ത്രമായി ചിന്തിക്കുന്ന സമാനചിന്താഗതിയുള്ള പ്രസ്ഥാനങ്ങളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.

രാജ്യത്തെ മുന്‍നിര പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയര്‍ 20 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ 65,000ല്‍പ്പരം പേര്‍ക്ക് പരിചരണം നല്‍കിക്കഴിഞ്ഞു. ജീവിതാന്ത്യം അന്തസ്സോടെയാക്കുകയെന്ന പാലിയേറ്റീവ് കെയറിന്റെ ലക്ഷ്യം കാണാനുള്ള നിരന്തര ശ്രമങ്ങളിലൂടെ പരിചരണം നല്‍കുന്നവരില്‍ 90 ശതമാനം പേര്‍ക്കും അന്തസ്സോടെ അന്ത്യംവരെയും ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം സ്വന്തം വീടുകളില്‍ കഴിയാനാകുന്ന നിലയിലേക്ക് പരിചരണം മെച്ചപ്പെടുത്താന്‍ കഴിയുന്നുവെന്നത് സന്തോഷം നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും മരണത്തിനു ദിവസങ്ങള്‍ മുമ്പു മാത്രമാണ് പരിചരണത്തിനായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ സമ്പൂര്‍ണ പരിചരണമെന്ന പാലിയേറ്റീവ് കെയറിന്റെ അന്തസ്സത്ത മുഴുവനായും നിറവേറ്റാനാകുന്നില്ല എന്നത് ദുഃഖസത്യമായി അവശേഷിക്കുന്നു. മാത്രമല്ല, പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള നിരവധി പേര്‍ അന്ത്യകാലം ആശുപത്രികളില്‍ തളച്ചിടപ്പെട്ടും കാണുന്നു.

ഈ സാഹചര്യത്തിനു കാതലായ മാറ്റം ഉണ്ടാക്കുന്നതിനായി സംസ്ഥാനം മുഴുവനും 2030 ഓടെ പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കാനുദ്ദേശിച്ച് വിഷന്‍ 2030 എന്ന പദ്ധതിയുമായി ആല്‍ഫ മുന്നോട്ടുപോകുകയാണ്. സംസ്ഥാനത്തെ 9 ജില്ലകളില്‍ 26 കേന്ദ്രങ്ങളുണ്ടാക്കാന്‍ ഇതിനകം കഴിഞ്ഞു. ഒപ്പം മികച്ച ജീവിതാന്ത്യ പരിചരണം നല്‍കുന്നതിനും ചലനശേഷി പരിമിതപ്പെട്ട, ദീര്‍ഘകാല പരിചരണം ആവശ്യമായവര്‍ക്ക് പാലിയേറ്റീവ് ഫിസിയോതെറാപ്പി നല്‍കുന്നതിനുമായി 150 പേരെ ഒരേസമയം കിടത്തി ചികിത്സ നല്‍കാന്‍ കഴിയുന്ന ലോക നിലവാരത്തിലുള്ള ആല്‍ഫ ഹോസ്പീസിന്റെ നിര്‍മാണം നടന്നുവരികയുമാണ്. ഓരോ ജില്ലയിലും ജില്ലാ കേന്ദ്രങ്ങളില്‍ പാലിയേറ്റീവ് കെയര്‍ കിടത്തിചികിത്സ നല്‍കാന്‍ കഴിയുന്ന ഹോസ്പീസുകളും മുനിസിപ്പല്‍ – ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ലിങ്ക് സെന്ററുകളും എന്ന രീതിയിലാണ് ആല്‍ഫയുടെ പ്രവര്‍ത്തനം.

സാമൂഹ്യ അവബോധത്തിലൂടെയും മുന്നേറ്റത്തിലൂടെയും മാത്രമേ പാലിയേറ്റീവ് കെയറിന്റെ ലക്ഷ്യം നേടാന്‍ കഴിയൂ എന്ന് ഉറച്ചു വിശ്വസിക്കുന്നതിനാലാണ് കംപാഷണേറ്റ് യൂത്ത് ഇനീഷ്യേറ്റീവിന് ആല്‍ഫ രൂപം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടികള്‍ വിശദീകരിച്ച പത്രസമ്മേളനത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, പാലിയം ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടര്‍ മനോജ് ജി.എസ്, ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ഓര്‍ഗനൈസേഷന്‍ സി.ഒ.ഒയയും പാലിയേറ്റീവ് കെയര്‍ ഫിസിഷ്യനുമായ ഡോ. രേവതി ജെ. രാജന്‍, ആല്‍ഫ നെടുമങ്ങാട് സെന്റര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show More

Related Articles

Back to top button