പി.എം ശ്രീ പദ്ധതിയിൽ ഇടതുമുന്നണിയിൽ ഭിന്നത; മന്ത്രിസഭയിൽ വിയോജിപ്പ് രേഖപ്പെടുത്തി സിപിഐ

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റി ഇടതുമുന്നണിയിൽ ഭിന്നത. പദ്ധതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ സിപിഐ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ഫണ്ട് സ്വീകരിച്ചാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരുമെന്ന ആശങ്കയാണ് സിപിഐ മുന്നോട്ട് വയ്ക്കുന്നത്. പാർട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
ഏത് സിപിഐ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചതെന്ന വാർത്തയെ ബിനോയ് വിശ്വം അരാഷ്ട്രീയമായ പ്രതികരണമാണെന്ന് വിമർശിച്ചു. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതിനെതിരെ സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ വിയോജിപ്പും ആശങ്കയും രേഖപ്പെടുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ഇതിൽ വ്യക്തത വേണമെന്നും മന്ത്രിമാർ യോഗത്തിൽ വ്യക്തമാക്കി.
സിപിഐയെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ നീങ്ങുകയാണെന്ന വിമർശനങ്ങൾക്കിടെ പാർട്ടി നിലപാട് കൂടുതൽ കടുപ്പിച്ചു. സിപിഐയുമായി ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും താനും ബിനോയ് വിശ്വവും കമ്മ്യൂണിസ്റ്റുകാരാണെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.
മന്ത്രിസഭാ തീരുമാനം ഇല്ലാതെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന നിലപാടിൽ സിപിഐ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.




