ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍; രേഖകളില്‍ കൃത്രിമം കാട്ടിയതായി അന്വേഷണം

പത്തനംതിട്ട: ശബരിമല ദ്വാരപാലകരുടെ ശില്‌പങ്ങളുമായി ബന്ധപ്പെട്ട സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച്, ശില്‍പങ്ങളിലെ പാളികള്‍ സ്വര്‍ണപ്പൊതിഞ്ഞതാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും, അതിനെ ‘ചെമ്പ് പാളികള്‍’ എന്നാണ് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയത് സുധീഷ് കുമാറാണെന്ന് തെളിഞ്ഞിട്ടുണ്ട്.
2019-ല്‍ ശബരിമലയില്‍ ശില്‍പങ്ങള്‍ കൈമാറുന്ന സമയത്ത് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാര്‍. പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ തട്ടിയെടുക്കാന്‍ അവസരം ഒരുക്കുന്നതിനായി ഇയാള്‍ രേഖകളില്‍ കൃത്രിമം കാട്ടിയതാണെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.
സ്വര്‍ണപ്പാളികള്‍ ഇളക്കി മാറ്റിയപ്പോഴും, അത് ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റി അല്ലായിരുന്നിട്ടും രേഖകളില്‍ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തി അദ്ദേഹത്തിന്റെ പേര് ചേര്‍ത്തതായും തെളിവ് ലഭിച്ചിട്ടുണ്ട്.
സ്വര്‍ണം മോഷ്ടിക്കുന്നതിനായി മുരാരി ബാബുവിനൊപ്പം ചേര്‍ന്ന് ഇയാള്‍ ഒത്താശ ചെയ്തുവെന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ സുധീഷ് കുമാറിനെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ സംഘം അറിയിച്ചു.




