IndiaLatest NewsSports

‘ഇന്ത്യന്‍ ടീമിലെ മുഹമ്മദ് റിസ്‌വാന്‍’ എന്ന് പരിഹസിക്കപ്പെട്ട ജമീമ; ഇന്ന് ഇന്ത്യയുടെ വിജയനിര്‍മ്മാതാവ്

മുംബൈ: വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ഫൈനലിലേക്കുയര്‍ന്നപ്പോള്‍ രാജ്യത്തെ ആവേശത്തിലാഴ്ത്തിയ താരം ജമീമ റോഡ്രിഗസാണ്. 134 പന്തില്‍ 127 റണ്‍സ് നേടി പുറത്താകാതെ നിന്ന ജമീമയുടെ സെഞ്ചറിയാണ് ഇന്ത്യയുടെ ചരിത്രവിജയത്തിന് വഴിയൊരുക്കിയത്. വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍സ് പിന്തുടര്‍ച്ചയായാണ് ഇന്ത്യ ഈ ജയം സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം 167 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് നിര്‍മിച്ച ജമീമയെ ‘പ്ലെയര്‍ ഓഫ് ദ് മാച്ച്’ ആയി തെരഞ്ഞെടുത്തു. വിജയത്തിന് ശേഷം പിതാവിനെ അണിയിച്ചുപിടിച്ച് കണ്ണീര്‍ പൊഴിച്ച ജമീമ, ടൂര്‍ണമെന്റിലുടനീളം നേരിട്ട മാനസിക സമ്മര്‍ദ്ദങ്ങളും ഉത്കണ്ഠയും തുറന്നുപറഞ്ഞു. “പ്രയാസങ്ങളിലുടനീളം വിശ്വാസമാണ് കരുത്ത് നല്‍കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബൈബിളിലെ വചനങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞു,” എന്ന് ജമീമ വെളിപ്പെടുത്തി.

“ഈ ടൂറിലുടനീളം ഞാന്‍ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി ബലഹീനമായിരുന്നു. സഹതാരങ്ങള്‍ തന്ന പിന്തുണയാണ് എനിക്ക് ശക്തി നല്‍കിയത്. യേശുവിനോടും കുടുംബത്തോടും കോച്ചിനോടും നന്ദി പറയുന്നു. ഇതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു,” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയ ജമീമക്ക്, പിന്നിലെ അനുഭവങ്ങള്‍ വേദനാജനകമാണ്. വിശ്വാസത്തിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങളും ട്രോളുകളും നേരിട്ട താരം തന്നെയാണ് ഇപ്പോഴത്തെ വിജയനിര്മ്മാതാവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ “റീല്സില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു” എന്നായിരുന്നു മുന്‍പ് വിമര്‍ശനങ്ങള്‍.

കഴിഞ്ഞ വര്‍ഷം മുംബൈയിലെ ഒരു ക്ലബ്ബ് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാരോപിച്ച് ജമീമയുടെ കുടുംബത്തിന്റെ അംഗത്വം റദ്ദാക്കിയിരുന്നു. പിന്നാലെ, ജമീമയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും ട്രോളിങും ഉയര്‍ന്നു. ചിലര്‍ അവരെ ‘ഇന്ത്യന്‍ ടീമിലെ മുഹമ്മദ് റിസ്‌വാന്‍’ എന്ന് പരിഹസിക്കുകയും ചെയ്തു.

എന്നാല്‍ ഇന്നത്തെ വിജയം അതെല്ലാം മറികടന്ന ജമീമയുടെ മറുപടിയായി മാറി. ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ, മുന്‍പ് ട്രോളിയവരില്‍ പലരും സമൂഹമാധ്യമങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറഞ്ഞു. ഇന്നത് തന്നെയാണ് ജമീമയെ ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് ഹീറോയാക്കി ഉയര്‍ത്തിയത്.

Show More

Related Articles

Back to top button