ട്രംപിനെ ചൊടിപ്പിച്ച പരസ്യം; വ്യാപാരചർച്ച വഴിമുട്ടിയ കാനഡ ഇന്ത്യയിലേക്ക് മുഖം തിരിക്കുന്നു

ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രകോപിപ്പിച്ച വിവാദ പരസ്യം വ്യാപാരചർച്ചകളിൽ തടസ്സമായതോടെ, കാനഡ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കത്തിലേക്ക്. ഇന്ത്യയുമായി വിവിധ മേഖലകളിൽ സഹകരണ പദ്ധതികളിൽ നല്ല പുരോഗതിയുണ്ടെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണാനായിട്ടില്ലെങ്കിലും മന്ത്രിതലത്തിൽ നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് മികച്ച സാധ്യതകളുണ്ടെന്നും കാർണി വ്യക്തമാക്കി. ആഭ്യന്തരമായി സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും യുഎസിനോടുള്ള അതിരൂക്ഷമായ ആശ്രയം കുറയ്ക്കുന്നതിനുമാണ് കാനഡയുടെ ശ്രമം.
ചൈന, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുമായും വ്യാപാര-സാങ്കേതിക മേഖലകളിൽ സഹകരണ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കാർണി കൂട്ടിച്ചേർത്തു. യുഎസുമായുള്ള ബന്ധം താറുമാറായ സാഹചര്യത്തിൽ, കാനഡയുടെ അന്താരാഷ്ട്ര തന്ത്രപരമായ സമീപനത്തിലെ വലിയ മാറ്റമാണിത്




