AmericaLatest NewsNewsPolitics

ഇംഗ്ലീഷ് അറിയാത്തവർക്ക് യു.എസ് ട്രക്ക് ഡ്രൈവർ ജോലി നഷ്ടം; 7,200 പേർക്ക് വിലക്ക്

ന്യൂയോർക്ക് : ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമില്ലാത്തവർക്ക് ഇനി യു.എസ്.യിൽ ട്രക്ക് ഓടിക്കാൻ അനുവാദമില്ല. ഇംഗ്ലീഷ് പ്രാവീണ്യ പരിശോധനയിൽ പരാജയപ്പെട്ട 7,200 വാണിജ്യ ട്രക്ക് ഡ്രൈവർമാരെ ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എഫ്.എം.സി.എസ്.എ) അയോഗ്യരാക്കി. വാഹനങ്ങൾ സുരക്ഷിതമായി ഓടിക്കുന്നതിനു പുറമെ ഡ്രൈവർമാർക്ക് അടിസ്ഥാന ഇംഗ്ലീഷ് അറിവ് ഉണ്ടായിരിക്കണമെന്നും അതിന് വിധേയമായി തൊഴിൽ ലഭ്യമാകണമെന്നും യു.എസ്. അധികാരികൾ വ്യക്തമാക്കി.

റോഡുകളിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെടുത്തത്. അയോഗ്യരായവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരാണെന്നതാണ് ശ്രദ്ധേയമായത്. എഫ്.എം.സി.എസ്.എ കണക്കുകൾ പ്രകാരം ജൂലായ്ക്ക് ശേഷം മാത്രം 1,500 പേരെ അയോഗ്യരാക്കി. ഇവരിൽ കൂടുതലും ഇന്ത്യക്കാരാണ്.

ഇന്ത്യൻ വംശജരായ ഏകദേശം 1.3 മുതൽ 1.5 ലക്ഷം വരെ പേർ യു.എസ്.യിൽ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്നു. ഗതാഗത വകുപ്പിന്റെ പുതിയ നടപടികൾ ഇവരെയെല്ലാം നേരിട്ട് ബാധിക്കുമെന്ന് സൂചനയുണ്ട്. തത്സമയ റോഡ് പരിശോധനകളിലൂടെ ഇംഗ്ലീഷ് പ്രാവീണ്യം പരിശോധിച്ച ശേഷമാണ് വിലക്ക് ഏർപ്പെടുത്തിയത്. യു.എസ്. ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി സീൻ ഡഫി നടപടി സ്ഥിതീകരിച്ചു.

ഒക്ടോബറിൽ കാലിഫോർണിയയിലെ ഹൈവേയിൽ നടന്ന അപകടത്തിൽ മൂന്നു പേർ മരിച്ചതിനെത്തുടർന്ന് ഇന്ത്യൻ വംശജനായ ഹരീന്ദർ സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കാലിഫോർണിയ കൊമേഴ്സ്യൽ ഡ്രൈവർ ലൈസൻസ് (സി.ഡി.എൽ) ഉണ്ടായിരുന്നെങ്കിലും, ഇംഗ്ലീഷ് പരീക്ഷയിൽ പലവട്ടം പരാജയപ്പെട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഒബാമ ഭരണകാലത്ത് ഈ നിയമത്തിൽ ഇളവുകൾ നൽകിയിരുന്നെങ്കിലും, ഡൊണാൾഡ് ട്രംപ് ഭരണകാലത്ത് നിയമങ്ങൾ വീണ്ടും കർശനമാക്കി. അതനുസരിച്ച്, 2025 ജൂൺ 25 മുതൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ പരാജയപ്പെടുന്ന ഡ്രൈവർമാരെ ഉടൻ ഡീബാർ ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Show More

Related Articles

Back to top button