വിർജീനിയയിൽ ഡെമോക്രാറ്റുകളുടെ ഹാട്രിക് വിജയം; അറ്റോർണി ജനറലായി ജെയ് ജോൺസ്

വിർജീനിയ: ഗവർണർ, ലെഫ്. ഗവർണർ സ്ഥാനങ്ങളിലെ വിജയത്തിന് പിന്നാലെ ഡെമോക്രാറ്റുകൾക്ക് മറ്റൊരു നേട്ടം കൂടി. അറ്റോർണി ജനറൽ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ആഫ്രിക്കൻ അമേരിക്കൻ സ്ഥാനാർത്ഥിയായ ജെയ് ജോൺസ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജേസൺ മിയറസിനെ തോൽപ്പിച്ചു. ഇതോടെ ഡെമോക്രാറ്റിക് പാർട്ടിക്ക് വിർജീനിയയിൽ ഹാട്രിക് വിജയം.
മുൻ സ്റ്റേറ്റ് ഡെലിഗേറ്റായ ജോൺസ്, ചില വിവാദ സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പിന് മുമ്പ് വിമർശനങ്ങൾ നേരിട്ടിരുന്നു. എങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയോടും മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോടുമുള്ള വോട്ടർമാരുടെ അതൃപ്തിയാണ് ജോൺസിന് വിജയം നേടിക്കൊടുത്തതെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
വിർജീനിയ ഒരിക്കലും ട്രംപിനൊപ്പം നിന്നിട്ടില്ലെന്നതാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്നു വിലയിരുത്തുന്നു. വിർജീനിയ അസംബ്ലി സ്പീക്കറെ വെടിവെക്കണമെന്ന് പറഞ്ഞതായി ആരോപണം ഉയർന്നപ്പോൾ ജോൺസ് പലവട്ടം മാപ്പു ചോദിച്ചെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറിയില്ല.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മിയറസിനെ “ട്രംപിന്റെ പാവ” എന്നു വിശേഷിപ്പിച്ച് ജോൺസ് ശക്തമായ പ്രചാരണം നടത്തി. ട്രംപിന്റെ നയങ്ങളെ സംസ്ഥാനത്ത് എതിർക്കുമ്പോൾ മിയറസ് മൗനം പാലിച്ചതും വോട്ടർമാർക്ക് വിരസതയായി.
വോട്ടെണ്ണലിന്റെ 87 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ എങ്കിലും അസോസിയേറ്റഡ് പ്രസ് പ്രകാരം ജോൺസിന് 52 ശതമാനവും മിയറസിന് 47.5 ശതമാനവുമാണ് വോട്ട് ലഭിച്ചത്. വ്യത്യാസം ഏകദേശം നാലര ശതമാനം.
ട്രംപിന്റെ ഭരണകാലത്ത് നോർത്തേൺ വിർജീനിയയിലെ നിരവധി ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടതും റിപ്പബ്ലിക്കൻ പാർട്ടിക്കെതിരായ രോഷത്തിന് കാരണമായി. ഇതെല്ലാം കൂടി ചേർന്നപ്പോൾ ഡെമോക്രാറ്റുകൾ വിർജീനിയയിൽ ചരിത്രവിജയം സ്വന്തമാക്കി.




