CrimeKeralaLatest NewsNewsPolitics

വഞ്ചിയൂരിൽ കള്ളവോട്ട് ആരോപണം; സിപിഎം–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

തിരുവനന്തപുരം ∙ വഞ്ചിയൂരിൽ കള്ളവോട്ട് നടത്തിയെന്നാരോപിച്ച് ബിജെപിയും സിപിഎമ്മും തമ്മിൽ വൈകുന്നേരം സംഘർഷം ഉണ്ടായി. ജില്ലയിൽ വ്യാപക കള്ളവോട്ടാണ് നടന്നതെന്നും, വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം 200 കള്ളവോട്ട് ചെയ്തുവെന്നും ബിജെപി ആരോപിച്ചു.

കള്ളവോട്ട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ടെന്നു ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സിപിഎമ്മിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

കുന്നുകുഴിയിൽ വോട്ട് ചെയ്ത ഒരു യുവതി വഞ്ചിയൂരിലും വീണ്ടും വോട്ട് ചെയ്തിട്ടുണ്ടെന്നും അത് തെളിയിക്കുമെന്നും കരമന ജയൻ പറഞ്ഞു. വോട്ടെടുപ്പ് ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിക്കുമെന്ന തീരുമാനത്തെ മറികടന്ന്, മൊബൈൽ ഫോണിലാണ് ചിത്രീകരണം നടത്തിയതെന്നും, രണ്ടര മണിക്കൂറിന് ശേഷം “ബാറ്ററി തീർന്നു” എന്ന കാരണമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെയും പരാതി നൽകുമെന്നുമാണ് പറയുന്നത്.

വഞ്ചിയൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 256 വോട്ടിനാണ് ബിജെപി പരാജയപ്പെട്ടിരുന്നത്. ബിജെപിയുടെ കള്ളവോട്ട് ആരോപണം സിപിഎം തള്ളിക്കളഞ്ഞു. വോട്ട് ചെയ്യാൻ എത്തിയ ട്രാൻസ്‌ജെൻഡർ സമൂഹത്തെ ബിജെപി പ്രവർത്തകർ ആക്ഷേപിച്ചതാണ് സംഘർഷത്തിന് കാരണമെന്നും സിപിഎം വിമർശിച്ചു.

Show More

Related Articles

Back to top button