കിഫ്ബി മസാല ബോണ്ട് കേസ്: മുഖ്യമന്ത്രിക്ക് ആശ്വാസം; ഇ.ഡി നോട്ടിസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുഖ്യമന്ത്രിയായ പിണറായി വിജയന് അയച്ച കാരണം കാണിക്കൽ നോട്ടിസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം. അബ്രഹാം എന്നിവർക്ക് അയച്ച നോട്ടിസുകളും കോടതി സ്റ്റേ ചെയ്തു.
ഇ.ഡി നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് റിയൽ എസ്റ്റേറ്റ് ഇടപാടായോ നിരോധിത ഭൂമി വാങ്ങലായോ കണക്കാക്കാനാവില്ലെന്നും വികസന പ്രവർത്തനങ്ങൾക്ക് ഭൂമി അനിവാര്യമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ആർബിഐയുടെ മാർഗനിർദേശങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാദിച്ചു.
അതേസമയം, കിഫ്ബിക്കെതിരായ തുടർ നടപടികൾ സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് അപ്പീൽ നൽകിയിട്ടുണ്ട്.
മസാല ബോണ്ട് വഴി സമാഹരിച്ച തുക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാരോപിച്ചായിരുന്നു ഇ.ഡി കിഫ്ബിക്കും മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം. അബ്രഹാം എന്നിവർക്കും നോട്ടിസ് അയച്ചിരുന്നത്.




