ലാബ് മാംസത്തിന് അമേരിക്കയിൽ കടുത്ത വിലക്ക്; ഏഴ് സംസ്ഥാനങ്ങൾ നിരോധന പട്ടികയിൽ

പരീക്ഷണശാലകളിൽ കോശങ്ങൾ വളർത്തി നിർമ്മിക്കുന്ന കൃത്രിമ മാംസത്തിന് അമേരിക്കയിൽ കടുത്ത നിയന്ത്രണം. ഫ്ലോറിഡ, അലബാമ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ടെക്സസ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ കൂടി ലാബ് മാംസത്തിന്റെ ഉത്പാദനവും വിതരണവും നിരോധിച്ചതോടെ, ഇതിന് വിലക്കേർപ്പെടുത്തിയ സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി.
അമേരിക്കയുടെ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ ശക്തമായ പിന്തുണയാണ് ഈ നീക്കത്തിന് പിന്നിൽ. “അമേരിക്കയെ വീണ്ടും ആരോഗ്യപൂർണ്ണമാക്കുക” എന്ന ലക്ഷ്യത്തോടെ അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾക്കെതിരെ അദ്ദേഹം നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ലാബ് മാംസത്തിനെതിരായ നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നു. ലാബ് മാംസം കോർപ്പറേറ്റുകളുടെ ലാഭലക്ഷ്യത്തിനായി നടത്തുന്ന പ്രകൃതിവിരുദ്ധ പരീക്ഷണമാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
മൃഗങ്ങളെ കൊല്ലാതെ, അവയുടെ ശരീരത്തിൽ നിന്ന് എടുത്ത കോശങ്ങൾ രാസവസ്തുക്കളുടെയും പോഷകദ്രാവകങ്ങളുടെയും സഹായത്തോടെ ബയോ-റിയാക്ടറുകളിൽ വളർത്തിയാണ് ലാബ് മാംസം നിർമ്മിക്കുന്നത്. കാഴ്ചയിലും രുചിയിലും ഇത് സാധാരണ ഇറച്ചിയെ അനുസ്മരിപ്പിക്കുന്നതാണെന്ന അവകാശവാദമുണ്ടെങ്കിലും, ഇതിന്റെ സുരക്ഷയും ദീർഘകാല ആരോഗ്യഫലങ്ങളും സംബന്ധിച്ച് ശാസ്ത്രലോകത്ത് അഭിപ്രായഭേദങ്ങൾ നിലനിൽക്കുന്നു.
നിലവിൽ അമേരിക്കയിലെ സാധാരണ കടകളിൽ ലാബ് മാംസം വിൽക്കാൻ അനുമതിയില്ല. 2023-ൽ ചില പ്രമുഖ റെസ്റ്റോറന്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് വിളമ്പിയിരുന്നെങ്കിലും, ഉയർന്ന വിലയും ഉത്പാദനത്തിലെ സാങ്കേതിക ബുദ്ധിമുട്ടുകളും കാരണം വിപണിയിൽ ഇത് വലിയ സ്വീകാര്യത നേടാനായില്ല. ഇതോടെ, കൃത്രിമ ഇറച്ചിയുടെ ഭാവി അമേരിക്കയിൽ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.




