
കോട്ടയം : ലൈഫ് ആൻഡ് ലിംബ് ക്രമീകരിച്ചിരിക്കുന്ന, കാലുകൾ നഷ്ടപ്പെട്ട 41 പേർക്ക് കൃത്രിമക്കാലുകൾ നൽകി, അവർക്ക് ചലനശേഷിയും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാനും, പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുവാനും കഴിയുന്ന ഒരു സ്നേഹപൂർവ്വമായ സത്കർമ്മത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവൽ ആണ് ഈ പ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പം, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരും ലൈഫ് & ലിംബിനോടു ചേർന്നു നിന്നു പ്രവർത്തിക്കുന്നു.
2014 മുതൽ എല്ലാ വർഷവും കാല് ഇല്ലാത്തവർക്ക് സൗജന്യമായി കൃത്രിമക്കാലുകൾ നൽകുന്ന സംഘടനയായ ലൈഫ് ആൻഡ് ലിംബ്, ഇതുവരെ 344 ആളുകളെയാണ് ഏറ്റവും മികച്ച കൃത്രിമക്കാൽ നൽകി സഹായിച്ചത്.
ഈ വർഷം (2025) രണ്ടാമത്തെ ബാച്ചിലേക്ക് ലൈഫ് ആൻഡ് ലിംബിന്റെ വെബ്സൈറ്റിലേക്ക് (lifeandlimbs.org) രജിസ്റ്റർ ചെയ്ത നിരവധി അപേക്ഷകരിൽ നിന്നും അർഹരായ 41 പേരെയാണ് ഓട്ടോബോക്ക് എന്ന ജർമ്മൻ കമ്പനിയുടെ കാലുകൾ നൽകാനായി തിരഞ്ഞെടുത്തിരിക്കുന്നത്.
2026 ജനുവരി 9 (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2:00 ന് Ann’s International Convention & Exhibition Centre, Erayilkadavu, Kottayam എന്ന സ്ഥലത്ത്, മുൻ വർഷങ്ങളിലെ പോലെ തന്നെ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെയും മാധ്യമപ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് ഈ വർഷവും തിരഞ്ഞെടുത്ത 41 പേർക്ക് കൃത്രിമക്കാലുകൾ വിതരണം ചെയ്യുന്നത്.
ഈ സാമൂഹ്യ സേവന പദ്ധതിക്ക് ഫൊക്കാനയുടെ മുൻ പ്രസിഡന്റും,പ്രവാസി കോൺക്ലേവ് ട്രൂസ്റ്റിന്റെ ചെയർമാനും , കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പിള്ളിൽ,ജി.ജെ. തോമസ് IAS, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി, ബെന്നി ഐപ്പ് തോമസ് ഫിലിം ഡയറക്ടർ , ഗോപിനാഥ് മുതുകാട്, എസ്. ഹരിപ്രസാദ്, ഫാദർ. ഡേവിസ് ചിറമേൽ, ചാണ്ടി ഉമ്മൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, പി.സി. വിഷ്ണുനാഥ് എംഎൽഎ, രാജു ഏബ്രഹാം എക്സ് എംഎൽഎ, അഡ്വ. ജയദലി എം വി, അഡ്വ. വർഗീസ് മാമ്മൻ, സജിമോൻ ആന്റണി ഫൊക്കാന പ്രസിഡന്റ് , നോഹ ജോർജ്, ഫിന്നി ജോസഫ്, അപ്പുക്കുട്ടൻ ആറ്റുപുറത്ത് തുടങ്ങിയ പ്രമുഖർ പിന്തുണയും സഹകരണവും അറിയിച്ചിട്ടുണ്ട്.


ഈ പ്രോഗ്രാമിൽ നിങ്ങളുടെ സാന്നിധ്യം ഞങ്ങൾക്ക് സന്തോഷവും പ്രചോദനവും ആകും എന്നതിൽ സംശയമില്ല. ആയതിനാൽ ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിലേക്ക് സ്നേഹാദരങ്ങളോടെ നിങ്ങളെയും ക്ഷണിച്ചുകൊള്ളുന്നു.




