ന്യൂയോർക്ക് മേയറുടെ വസതിക്ക് സമീപം ബോംബാക്രമണ ശ്രമം; മൂന്ന് പേർ പിടിയിൽ, ഭീകരബന്ധം അന്വേഷിക്കുന്നു.

ന്യൂയോർക്ക് : നഗര മേയർ സോഹ്റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച മേയറുടെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) ഉപയോഗിച്ചുള്ള ആക്രമണശ്രമം ഉണ്ടായത്.
പെൻസിൽവേനിയ സ്വദേശികളായ എമിർ ബാലത്ത് (18), ഇബ്രാഹിം കായുമി (19), ഇയാൻ മക്ഗിന്നിസ് (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികൾക്ക് ഐഎസ്ഐഎസ് പോലുള്ള ഭീകരസംഘടനകളിൽ നിന്ന് പരിശീലനമോ നിർദേശങ്ങളോ ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതികളിൽ ഒരാളായ എമിർ ബാലത്ത് അടുത്തിടെ തുർക്കി സന്ദർശിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഡ്രിങ്ക് ബോട്ടിലുകളും ഗ്ലാസ് ജാറുകളും ഉപയോഗിച്ച് നിർമ്മിച്ച ഐഇഡി ബോംബുകളിലായിരുന്നു നട്ടുകളും ബോൾട്ടുകളും ഉൾപ്പെടെയുള്ള ലോഹക്കഷ്ണങ്ങൾ നിറച്ചിരുന്നത്. ഇവ പൊട്ടിത്തെറിച്ചിരുന്നുവെങ്കിൽ വലിയ മനുഷ്യനാശം സംഭവിക്കാമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഫ്ബിഐയുടെ ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സാണ് കേസിന്റെ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
സംഭവത്തെ തുടർന്ന് മേയർ സോഹ്റാൻ മംദാനി നഗരത്തിൽ വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളെയും അക്രമങ്ങളെയും ശക്തമായി അപലപിക്കുകയും ഇത്തരം സംഭവങ്ങളെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.




