AmericaCrimeLatest News

ഡാളസ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാൾ യുഎസ് പ്രതിനിധിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ.

ഡാളസ്: ഡാളസ് പോലീസ് വെടിവെച്ചുകൊന്ന പിടികിട്ടാപ്പുള്ളി, യുഎസ് കോൺഗ്രസ് അംഗം ജാസ്മിൻ ക്രോക്കറ്റിന്റെ സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നയാളാണെന്ന് റിപ്പോർട്ടുകൾ. വ്യാജപ്പേരുകളിൽ സുരക്ഷാ ഏജൻസി നടത്തിവരികയായിരുന്നു ഇയാൾ.

 ബുധനാഴ്ച ഡാളസ് പോലീസിന്റെ സ്വാറ്റ് വിഭാഗവുമായുള്ള ഏറ്റുമുട്ടലിലാണ് ‘മൈക്ക് കിംഗ്’ എന്നറിയപ്പെടുന്നയാൾ കൊല്ലപ്പെട്ടത്. ആശുപത്രി പാർക്കിംഗ് ഏരിയയിൽ ഒളിച്ചിരുന്ന ഇയാൾ പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെത്തുടർന്നാണ് വെടിവെപ്പുണ്ടായത്.

പോലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞതിനും വ്യാജരേഖകൾ ചമച്ചതിനും ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ടായിരുന്നു. ‘ഓഫ് ഡ്യൂട്ടി പോലീസ് സർവീസസ്’ എന്ന പേരിൽ ഒരു സുരക്ഷാ ഏജൻസി നടത്തിയിരുന്ന ഇയാൾ, പോലീസുകാർക്ക് പാർട്ട് ടൈം ജോലികൾ നൽകുന്ന ഇടനിലക്കാരനായും പ്രവർത്തിച്ചിരുന്നു.

യുഎസ് ജനപ്രതിനിധി ജാസ്മിൻ ക്രോക്കറ്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും മറ്റ് പൊതുപരിപാടികളിലും ഇയാൾ സുരക്ഷാ ചുമതല വഹിച്ചിരുന്നതായി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം വരെ ഇയാൾക്ക് സുരക്ഷാ സേവനത്തിന് പ്രതിഫലം നൽകിയതായും രേഖകൾ സൂചിപ്പിക്കുന്നു.

ഇയാൾ മോഷ്ടിച്ച നമ്പർ പ്ലേറ്റുകളും വ്യാജ പോലീസ് വാഹനങ്ങളും ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ എങ്ങനെ ഒരു ജനപ്രതിനിധിയുടെ സുരക്ഷാ വലയത്തിൽ എത്തിയെന്നത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

നിലവിൽ ജാസ്മിൻ ക്രോക്കറ്റിന്റെ ഓഫീസോ ഡാളസ് പോലീസോ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകാൻ തയ്യാറായിട്ടില്ല.

പി പി ചെറിയാൻ

Show More

Related Articles

Back to top button